India - 2024
ആനുകാലിക രാഷ്ട്രീയവും സഭയും: ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ എഴുതുന്നു
റവ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ 11-04-2023 - Tuesday
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം എന്നത് വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്.
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ക്രൈസ്തവർ
ക്രൈസ്തവ സമൂഹം സാമൂഹികമായും സമുദായികമായും നേരിടുന്ന വെല്ലുവിളികൾക്ക് പിന്നിൽ, വിവിധ മതമൗലികവാദ പ്രത്യയ ശാസ്ത്രങ്ങൾക്കുമുള്ള പങ്കിനെക്കുറിച്ച് ബൗദ്ധിക സമൂഹത്തിനിടയിൽ പോലും ആശയക്കുഴപ്പങ്ങളുണ്ട്. ഈ ആശയക്കുഴപ്പം പലരും മുതലെടുക്കുകയും, ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തുവരുന്നു. ക്രൈസ്തവർക്കിടയിലെ ഈ ആശയ ഐക്യമില്ലായ്മ വ്യക്തവും നിഷ്പക്ഷവുമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനും വെളിപ്പെടുത്തുന്നതിനും വിഘാതമാകുന്നുണ്ട്.
സംഘപരിവാർ അജണ്ടകളെ പ്രതിരോധിക്കാൻ മുസ്ലിം സമൂഹത്തോട് പക്ഷം ചേരണമെന്നും, ഇസ്ലാമിക അതിക്രമങ്ങളെ പ്രതിരോധിക്കാൻ സംഘപരിവാർ സംഘടനകളോട് സഹകരിക്കണമെന്നുമുള്ള രണ്ടുവിധം ആശയപ്രചരണങ്ങൾ കേരളത്തിൽ ഒരേപോലെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത് നല്ല ലക്ഷണമല്ല. ഈ രണ്ടുവിധ ആശയങ്ങളുടെ പ്രചാരകർ തമ്മിലുള്ള വാക്ക്തർക്കങ്ങൾക്ക് സോഷ്യൽമീഡിയ പതിവായി വേദിയാകാറുണ്ട്. ഇത്തരം ചർച്ചകളും ആശയപ്രചാരണങ്ങളും വർദ്ധിക്കുന്നതിന് ആനുപാതികമായി സാധാരണക്കാർ കൂടുതൽ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇസ്ലാമിക അജണ്ടകൾ അവഗണിക്കപ്പെടുന്നതിന് പിന്നിൽ
ബൗദ്ധികമായി ചിന്തിക്കുന്നു എന്ന് സ്വയവും, മറ്റുള്ളവരും കരുതുന്ന ഒരു വിഭാഗം പേർ ചില സാമൂഹിക സമ്മർദ്ദങ്ങളുടെ ഫലമായി, തീവ്ര ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൻറെ ഭാഗമായ പ്രതിസന്ധികളെ തമസ്കരിക്കുകയും അവ കേവലം സംഘപരിവാർ സൃഷ്ടി എന്ന ആഖ്യാനത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കേരളത്തിൻറെ ബൗദ്ധിക മണ്ഡലത്തെ തന്ത്രപരമായി കീഴ്പ്പെടുത്തിയ തീവ്ര ഇസ്ളാമിക സംഘടനകളുടെ പ്രവർത്തന ഫലമായാണ് ഇപ്പോഴും കുറേയേറെപ്പേരെ തെറ്റിദ്ധാരണകളിൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞിട്ടുള്ളത്. ബുദ്ധിജീവി ആയി പരിഗണിക്കപ്പെടണമെങ്കിൽ തങ്ങൾ സംഘപരിവാറിനെ തള്ളിപ്പറയുന്നവരും, ഇസ്ലാമിക സമൂഹത്തെ പൂർണമായി ഉൾക്കൊള്ളുന്നവരും ആയിരിക്കണമെന്ന ധാരണ നല്ലൊരു ശതമാനം സാംസ്കാരിക നായകരിലും എഴുത്തുകാരിലും കുടികൊള്ളുന്നുണ്ട്.
ബൗദ്ധിക രചനകൾ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ മലയാള പ്രസിദ്ധീകരണങ്ങളിൽ ഏറിയ പങ്കും ഇത്തരത്തിലാണ് ആശയാവതരണങ്ങൾ നടത്തിവരുന്നത്. മുസ്ളീം സമുദായം നേരിടുന്ന പ്രശ്നങ്ങൾ, പ്രതിസന്ധികൾ, അവഗണനകൾ തുടങ്ങിയവയെല്ലാം ഊതിപ്പെരുപ്പിച്ച രീതിയിൽ നിരന്തരം ചർച്ചകൾക്കും ലേഖനങ്ങൾക്കും മറ്റു രചനകൾക്കും വിഷയമാക്കുകയും, സിനിമകളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്ന കാരണത്താൽ മാത്രം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം പീഡിപ്പിക്കപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന മിഷ്ണറിമാരെക്കുറിച്ചോ, ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചോ ചർച്ച ചെയ്യാൻ ഈ ബൗദ്ധിക സമൂഹം തയ്യാറാകുന്നില്ല. മാത്രമല്ല, വാസ്തവങ്ങൾ എന്ന വ്യാജേന ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നതും ഒട്ടനവധി പ്രസിദ്ധീകരണങ്ങൾക്ക് പിന്നിലെ തൽപരകക്ഷികളുടെ ലക്ഷ്യങ്ങളിൽ പെടുന്നതാണ്.
ഇസ്ലാമിക അജണ്ടകളെ തമസ്കരിക്കുകയും വെള്ളപൂശുകയും ചെയ്യുന്നതിനൊപ്പം, ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത്തരം ബൗദ്ധിക നീക്കങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ചു കണ്ടെത്തിയ ചിലർ അത്തരം പ്രസിദ്ധീകരണങ്ങളോടും പിന്നിലുള്ള സംഘടനകളോടും ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്ന എല്ലാവരെയും ഒരേ പ്രത്യയ ശാസ്ത്രത്തിൻറെ വാഹകരായി കരുതിപ്പോന്നു. ഇസ്ലാമിസ്റ്റുകളുടെ ഫണ്ടും, മറ്റ് വഴിവിട്ട സഹായങ്ങളും സ്വീകരിക്കുന്നവരാണ് ചില കത്തോലിക്കാ വൈദികർ പോലും എന്ന പ്രചാരണത്തിൻറെ പിന്നിൽ ഈ ധാരണയാണ്. എന്നാൽ, തങ്ങളുടെ ബൗദ്ധിക മണ്ഡലത്തിൽ കുറേയേറെപ്പേരെ തന്ത്രപരമായി എക്കാലവും തളച്ചിടാൻ അത്തരക്കാർക്ക് കഴിഞ്ഞിരിക്കുന്നതാണ് പ്രധാന കാരണം.
അതേസമയം, ക്രൈസ്തവരുടേത് മാത്രമോ, ക്രൈസ്തവർക്ക് ഇടയിലുള്ളതോ ആയ പ്രശ്നങ്ങളിൽ ഇടപെടാനും പലവിധ സഹായങ്ങൾ ചെയ്യാനും അവസരങ്ങൾ കണ്ടെത്താൻ ചില തീവ്ര ഇസ്ലാമിക സംവിധാനങ്ങൾ സൂക്ഷമതയോടെ കാത്തിരിക്കുന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. ചില മുഖ്യധാരാമാധ്യമങ്ങളിൽ തുടങ്ങി അത്തരക്കാരുടെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ഇത്തരം വിഷയങ്ങൾക്ക് കാര്യമായ ഇടം നീക്കി വയ്ക്കുകയും പ്രശ്നപരിഹാരത്തിന് തങ്ങളും സഹായിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരത്തിലും ഒരു വിഭാഗംപേരെ തെറ്റിദ്ധരിപ്പിക്കാൻ അത്തരക്കാർക്ക് കഴിയുന്നുണ്ട്. എന്നാൽ, ഇടപെടുന്ന പ്രശ്നങ്ങൾ പലപ്പോഴും കൂടുതൽ വഷളാക്കുകയാണ് അവർ ചെയ്യുന്നതെന്ന് പലർക്കും മനസിലാകുന്നതുമില്ല. നിഷ്പക്ഷമായി പ്രശ്നങ്ങളിൽ ഇടപെടുകയും, സത്യസന്ധമായി സംസാരിക്കുകയും ചെയ്യുന്നു എന്ന് വരുത്തി തീർക്കുന്നതോടൊപ്പം സഭാസംബന്ധമായും വിശ്വാസസംബന്ധമായുമുള്ള മറ്റു വിഷയങ്ങളിൽ അനാവശ്യ കൈകടത്തലുകൾ നടത്തി കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ചില പ്രസിദ്ധീകരണങ്ങൾ ശ്രമിക്കുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
ദേശീയ ന്യൂനപക്ഷ വിഷയങ്ങളിലും, മറ്റു സംസ്ഥാനങ്ങളിലെ വർഗ്ഗീയ പ്രശ്നങ്ങളിലും ക്രൈസ്തവരോട് കക്ഷി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അമിത പ്രാധാന്യം നൽകുന്ന ഇസ്ലാമിക സംഘടനകളുടെയും മാധ്യമങ്ങളുടെയും ശൈലിയും ശ്രദ്ധേയമാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രമുഖ ക്രൈസ്തവ നേതാക്കളുടെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങൾ കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിൽ ദേശീയ ക്രൈസ്തവ നേതൃത്വവുമായി പതിവായി ആശയവിനിമയം നടത്തുന്ന ശൈലി കേരളത്തിലെ തീവ്ര ഇസ്ലാമിക ബൗദ്ധിക പക്ഷം സ്വീകരിച്ചുവരുന്നു. ഇക്കാരണത്താൽ തന്നെ, കേരളത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗത്തിനിടയിൽ, ദേശീയ ക്രൈസ്തവ നേതാക്കളായി പരിഗണിക്കപ്പെട്ടുവരുന്ന പലർക്കും എതിരായുള്ള വികാരം രൂപപ്പെട്ടിട്ടുണ്ട്. തിരിച്ചും, കേരളത്തിലെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷം സംബന്ധിച്ചുള്ള തെറ്റായ ചിത്രം ദേശീയ തലത്തിൽ രൂപപ്പെടുത്തുവാനും ഇതിനകം ഇത്തരക്കാർക്ക് കഴിഞ്ഞിട്ടുണ്ട്.
സംഘപരിവാർ ആശയങ്ങൾക്ക് പ്രചാരം വർദ്ധിക്കുന്നു
ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളും അതിന് പിന്നിലെ തന്ത്രങ്ങളും ഗൂഢലക്ഷ്യങ്ങളും തന്നെയാണ് കേരളത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രത്തിൻറെ പ്രചാരത്തിന് പശ്ചാത്തലമൊരുക്കിയത്. എന്നാൽ, അത്തരം വിഷയങ്ങളും അനുബന്ധ സംഭവങ്ങളും അതത് സമയങ്ങളിൽ മുതലെടുക്കാനുള്ള അമിതാവേശം സംഘപരിവാർ അനുഭാവികൾ ആരംഭം മുതൽ പ്രകടിപ്പിച്ചുവരുന്നത് മറുപക്ഷത്തിൻറെ "ഇരവാദത്തിന്" കൂടുതൽ വിശ്വാസ്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. തങ്ങളുടെ തകർച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള വ്യാജപ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിവരുന്നത് എന്ന വാദത്തിൽ ആരംഭം മുതൽ ഉറച്ചുനിന്ന ചരിത്രമാണ് തീവ്ര ഇസ്ലാമിക ബൗദ്ധിക സമൂഹത്തിനുള്ളത്. ആ ആശയം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ സാധ്യമായ എല്ലാവിധ മാർഗ്ഗങ്ങളും അവർ ഉപയോഗിച്ചുവരുന്നുമുണ്ട്.
ഇത്തരം പ്രചരണങ്ങൾ മുഖവിലയ്ക്ക് എടുക്കപ്പെടുന്നതിൽ പ്രകോപിതരായ സംഘപരിവാർ അനുഭാവികൾ കേരളത്തിലെ ബൗദ്ധിക സമൂഹത്തെ ഒന്നടങ്കം ഇസ്ലാമിസ്റ്റ് ചേരിയിൽ ഉൾപ്പെടുത്തുകയും തരംകിട്ടുമ്പോൾ ആശയപരമായി ആക്രമിക്കുകയും ചെയ്തുവരുന്നു. കഴിഞ്ഞ മൂന്നു നാല് വർഷങ്ങൾക്കിടയിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ വന്നിരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലെ മാറ്റം ഒരുപരിധിവരെ ബിജെപിക്കും സംഘപരിവാറിനും അനൂകൂലമാണെന്ന് വ്യക്തമാണ്. അവിടെയും, അത്തരമൊരു ചായ്വ് ക്രൈസ്തവർക്കിടയിൽ രൂപപ്പെടാൻ മുഖ്യകാരണം ഇസ്ലാമിസ്റ്റുകളുടെ പ്രവർത്തനങ്ങളാണ്. എന്നാൽ, ക്രൈസ്തവ വിരുദ്ധത പ്രഘോഷിക്കുന്നതിൽ സംഘപരിവാർ അനുകൂല സംവിധാനങ്ങളും അനുയായികളും ഒരിക്കലും പിന്നിലായിരുന്നില്ല എന്ന വസ്തുത വളരെ പ്രധാനപ്പെട്ടതാണ്.
ഏതൊരു മതമൗലികവാദ പ്രത്യയ ശാസ്ത്രവും പ്രവർത്തനപഥത്തിലേയ്ക്ക് കടന്നാൽ, അതിന് ഇതര മതങ്ങളോട് ആത്യന്തികമായ സഹിഷ്ണുത പുലർത്താൻ കഴിയില്ല എന്ന അടിസ്ഥാന തത്വത്തെ വിസ്മരിച്ചുകൊണ്ടുള്ള ആഭിമുഖ്യങ്ങൾ അപകടകരമാണ്. ക്രൈസ്തവരിൽ ഒരു വിഭാഗം സംഘപരിവാറിൻറെ രീതികളോടും നിലപാടുകളോടും ചായ്വ് പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അതിനെ ഒരു സുവർണ്ണാവസരമായി ദേശീയ നേതൃത്വം കണ്ടു എന്നുള്ളത് വാസ്തവമാണ്. ഏതുവിധേനയും കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാൻ എല്ലാ അടവും ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ സ്വീകരിച്ചുവരുന്ന കാഴ്ചകൾ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമാവധി ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തി ആശംസകൾ അറിയിക്കാനുള്ള നിർദ്ദേശം നേതൃത്വത്തിൽനിന്ന് തന്നെ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.
നയതന്ത്രപരമായ ഇത്തരം സമീപനങ്ങൾ കൂടുതൽ പ്രകടമാകുമ്പോഴും, മറുവശത്ത് ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള നീക്കങ്ങളും വ്യക്തമാണ്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കാണുന്ന ഒരു വിഭാഗം മുൻനിരയിൽ ആയിരിക്കുമ്പോഴും, അവർക്ക് പിൻബലമായി നിലകൊള്ളുന്ന അണികളും, രണ്ടാംനിര സംഘടനാ നേതൃത്വങ്ങളും ഉള്ളിൽ തീവ്ര മൗലികവാദ ആശയങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരാണ് എന്നുള്ളതാണ് അതിന് കാരണം. ഭരണ നേതൃത്വത്തോടുള്ള സ്വാഭാവിക ആഭിമുഖ്യം എന്നതിനപ്പുറം, പ്രത്യയശാസ്ത്രത്തോടുള്ള സമവായം പ്രായോഗികമല്ല എന്ന സൂചനയാണ് ഇപ്പോഴും തുടരുന്ന രണ്ടുവിധ സമീപനങ്ങൾ നൽകുന്നത്. ഹിന്ദുത്വവാദ ആശയങ്ങൾ തീവ്രവാദപരമായി പിന്തുടരുന്നവരുടെ അനുപാതം കേരളത്തിൽ വളരെ കുറവാണ് എങ്കിലും അത്തരക്കാരുടെ എണ്ണം വർദ്ധിക്കുന്നു എന്ന വാസ്തവത്തെ അവഗണിക്കാനാവില്ല.
ബിജെപിയുടെ ലക്ഷ്യവും മാർഗ്ഗങ്ങളും
വലിയ രീതിയിൽ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ബിജെപിയുടെ ക്രൈസ്തവ പ്രീണനം എന്നുള്ളതിൽ സംശയമില്ല. ആർഎസ്എസ് പക്ഷ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും എക്കാലവും പ്രചരിപ്പിച്ചിട്ടുള്ള മുഖ്യ വിഷയങ്ങളിൽ ഒന്ന് ക്രൈസ്തവ വിരുദ്ധതയാണ്. മറ്റു ഭാഷാ പ്രസിദ്ധീകരണങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൻറെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അൽപ്പം മയം ഉണ്ടായിട്ടുണ്ട്. എങ്കിൽപ്പോലും ബിജെപി സംഘപരിവാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ തരം കിട്ടുമ്പോഴെല്ലാം ക്രൈസ്തവർക്കും കത്തോലിക്കാ സഭയ്ക്കും എതിരെയുള്ള വാർത്തകൾക്ക് അമിത പ്രാധാന്യം നൽകി അവതരിപ്പിക്കുന്നു. ആർഎസ്എസിൻറെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരി മാസികയുടെ വിവിധ ലക്കങ്ങളിലും ക്രൈസ്തവവിരുദ്ധത മുഴച്ചുനിൽക്കുന്ന ലേഖനങ്ങൾ പതിവാണ്.
കേരളത്തിൻറെ ഇപ്പോഴുള്ള സാഹചര്യത്തിൽ മൃദു സമീപനം സ്വീകരിച്ചിരിക്കുന്നു എന്നുള്ളതിൽ കവിഞ്ഞ്, ശാശ്വതമായ ഒരു സമവായ നീക്കമോ, മാറ്റങ്ങളോ സംഘപരിവാർ, ബിജെപി നിലപാടുകളിൽ പ്രതീക്ഷിക്കുന്നതിൽ യുക്തിയില്ല. മാത്രവുമല്ല, ഒരു പരിധിക്കപ്പുറം സംഘപരിവാർ ആഭിമുഖ്യമുള്ള സംഘടനകൾക്കുള്ളിലും, അത്തരം വ്യക്തികൾ ഉൾപ്പെടുന്ന നവമാധ്യമ കൂട്ടായ്മകളിലും കടുത്ത സഭാവിരുദ്ധത പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾക്ക് വിരുദ്ധമായ ആശയപ്രചരണങ്ങളും സജീവമാണ്. ഇക്കാരണങ്ങളാൽ, സഭാ നേതൃത്വത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ചിലർ ലക്ഷ്യം വയ്ക്കുന്നതെന്ന് കരുതാവുന്നതാണ്. സംഘടനാ സംവിധാനങ്ങൾ, രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി വിവിധോദ്ദേശ്യ ചർച്ചകൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക സഭാ നേതൃത്വത്തെ അത്തരം ചർച്ചകളുടെ ഏതെങ്കിലും ഘട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാറില്ല. അത്തരം സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ വന്നിട്ടുള്ളവരും ഔദ്യോഗികമായി സഭാ നേതൃത്വത്തെ സമീപിക്കുന്ന രീതി സ്വീകരിക്കാറില്ല.
സഭയുടെ രാഷ്ട്രീയ നിലപാടുകൾ
സഭാനേതൃത്വത്തിൻറെ രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹത്തിനും വിശ്വാസി സമൂഹത്തിനും കടുത്ത ആശയക്കുഴപ്പമുള്ള ഒരു വിഷയമാണ്. ചില രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളും, രാഷ്ട്രീയ താല്പര്യങ്ങളുള്ള മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ചിലരും നടത്തിവരുന്ന പ്രചരണങ്ങൾ ഇക്കാര്യത്തിലെ ആശയക്കുഴപ്പങ്ങൾ അനുദിനം വർദ്ധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. പലപ്പോഴും നേതൃസ്ഥാനങ്ങളിലുള്ളവരെ ഉദ്ധരിച്ചുകൊണ്ട് പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾ വളച്ചൊടിക്കപ്പെട്ടവയും, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിക്കപ്പെടുന്നവയുമാണ്. മുഖ്യമായും "സഭ ബിജെപിയിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു" എന്ന പ്രചരണത്തിനായാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേകിച്ചുള്ള അടുപ്പമോ, അകൽച്ചയോ ഇല്ല എന്ന സഭയുടെ നിലപാടിനെ മറച്ചുവയ്ക്കുകയും ഇല്ലാത്ത രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭയ്ക്കുണ്ട് എന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ഇത്തരമൊരു സ്ഥിതിവിശേഷം കൂടുതൽ സങ്കീർണ്ണമാകാനുള്ള സാദ്ധ്യതകൾ ഗൗരവമായി കാണേണ്ടതുണ്ട്.
വർഗ്ഗീയതയുടെയും സ്വജനപക്ഷപാതത്തിൻറെയും രാഷ്ട്രീയം കൂടുതൽ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, വിവിധ പക്ഷങ്ങളിൽ ചെന്നുപെടുന്ന ക്രൈസ്തവർ അതിവൈകാരികതയും ശത്രുതയും പ്രകടിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. പല കാരണങ്ങളാലും ക്രൈസ്തവർക്കിടയിൽ അകൽച്ചകൾ വർദ്ധിക്കുന്നു എന്നുള്ളത് പ്രധാന വസ്തുതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ മുൻവിധികളില്ലാതെ ഐക്യം എന്നൊന്ന് മറ്റു സമുദായാംഗങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾക്കിടയിൽ താരതമ്യേന വളരെ കുറവ് തന്നെയായിരുന്നു.
കോൺഗ്രസ്, കമ്യൂണിസ്റ്റ്, കേരളാകോൺഗ്രസ് രാഷ്ട്രീയ നാൾവഴികളിൽ ക്രൈസ്തവ സാന്നിധ്യങ്ങൾ ഒരിക്കൽ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി ഇപ്പോൾ ദുർബ്ബലമായിരിക്കുന്നതും, വ്യക്തികൾക്കപ്പുറം ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്വാധീന ശക്തി തീരെയും നഷ്ടപ്പെട്ടിരിക്കുന്നതും എന്തുകൊണ്ടാണെന്നുള്ള ചോദ്യം കൂടുതൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഐക്യമില്ലായ്മയ്ക്കും പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള വൈമുഖ്യത്തിനും വലിയ പങ്കുണ്ട്. വിവിധ പാർട്ടികളിലും കക്ഷികളിലും സജീവമായിരിക്കുന്ന ക്രൈസ്തവർ തമ്മിൽ മുമ്പേ ഉണ്ടാകേണ്ടിയിരുന്ന ഒരു അനാക്രമണ സന്ധി ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.