Faith And Reason - 2024

അര്‍ജന്റീനയിലെ 'വെള്ളത്തിനടിയിലെ കുരിശിന്റെ വഴി' പതിവ് തെറ്റാതെ ഇത്തവണയും

പ്രവാചകശബ്ദം 11-04-2023 - Tuesday

ബ്യൂണസ് അയേഴ്സ്: ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച അര്‍ജന്റീനയിലെ തുറമുഖ നഗരമായ പൂയര്‍ട്ടോ മാഡ്രിനില്‍ നടത്തിയ വെള്ളത്തിനടിയിലെ കുരിശിന്റെ വഴി ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ വ്യത്യസ്തമായ അനുസ്മരണമായി മാറി. ആയിരത്തോളം പേരാണ് ഈ പരമ്പരാഗത കുരിശിന്റെ വഴിയില്‍ പങ്കെടുത്തത്. കൊമോഡോറോറിവാഡാവിയ മെത്രാന്റെ ആസ്ഥാനമാണ് പൂയര്‍ട്ടോ മാഡ്രിനില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 6 മണിക്ക് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക ദേവാലയത്തിലായിരുന്നു കുരിശിന്റെ വഴിയുടെ ആരംഭം.

നിരവധി പ്രൊഫഷണല്‍ മുങ്ങല്‍ വിദഗ്ദരും, കയാക്കേഴ്സും, നീന്തല്‍ വിദഗ്ദരുമാണ് പാറ്റഗോണിയയിലെ ഗോള്‍ഫോ നുയേവോ ജലാശയത്തിലെ വെള്ളത്തിലൂടെ കുരിശും വഹിച്ചു കൊണ്ട് ലൂയീസ് പിയഡ്രാ ബുയെന പിയറിലേക്ക് നീങ്ങിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകളാല്‍ തിളങ്ങുന്ന നാലു മീറ്ററോളം ഉയരമുള്ള കുരിശ് കുരിശ് വെള്ളത്തിലേക്ക് ഇറക്കികൊണ്ടായിരുന്നു വെള്ളത്തിനടിയിലെ കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളിലേക്കുമുള്ള യാത്ര. കുരിശിന്റെ വഴിയിലെ ആദ്യ എട്ടു സ്ഥലങ്ങള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെയും, ബാക്കിയുള്ളവ വെള്ളത്തിനടിയിലൂടെയുമായിരുന്നു. പ്രാദേശിക സഹായ മെത്രാനായ മോണ്‍. റോബര്‍ട്ടോ അള്‍വാരെസിനായിരുന്നു കുരിശിന്റെ വഴിയിലെ അവസാന പാദത്തിന്റെ ചുമതല.

കഴിഞ്ഞ 23 വര്‍ഷങ്ങളായി നടന്നു വരുന്ന ഈ പ്രാര്‍ത്ഥനായാത്ര ലോകത്ത് തന്നെ വളരെയേറെ പ്രത്യേകതകളുള്ള കുരിശിന്റെ വഴിയാണെന്നു പ്യൂയര്‍ട്ടോ മാഡ്രിന്‍ വിനോദ സഞ്ചാര സെക്രട്ടറിയായ സെസിലിയ പാവിയ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും, കൊമോഡോറോ റിവാഡാവിയ രൂപതയും, ഡൈവിംഗ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഇക്കൊല്ലത്തെ വെള്ളത്തിനടിയിലെ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. 2000-ല്‍ അന്നത്തെ ബ്യൂണസ് അയേഴ്സ് മെത്രാനും ഇന്നത്തെ മാര്‍പാപ്പയുമായ ജോര്‍ജ്ജ് ബെര്‍ഗോളിയോയുടെ (ഫ്രാന്‍സിസ് പാപ്പ) ആശീര്‍വാദത്തോടെയായിരുന്നു വെള്ളത്തിനടിയിലെ കുരിശിന്റെ വഴി ആദ്യമായി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കുവാന്‍ നൂറിലധികം ആളുകള്‍ വെള്ളത്തില്‍ ഇറങ്ങിയിരിന്നു.


Related Articles »