Youth Zone - 2024
വിശുദ്ധ വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തിച്ചത് ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍
പ്രവാചകശബ്ദം 15-04-2023 - Saturday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തിച്ചുകൊണ്ട് ‘റെഗ്നം ക്രിസ്റ്റി ഫൗണ്ടേഷന്റെ’ കീഴില്‍ മെക്സിക്കോയില്‍ രൂപം കൊണ്ട അപ്പസ്തോലിക സംരംഭമായ ‘യൂത്ത് ആന്‍ഡ് മിഷ്ണറി ഫാമിലി’യുടെ ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍. സംരഭത്തിന്റെ മുപ്പതാമത് വാര്‍ഷികത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങള്‍ മെഗാമിഷന്‍ 2023-ന് പരിസമാപ്തി നല്‍കിയതെന്നു ‘ജുവന്റുഡ് വൈ ഫാമിലിയ മിഷനേര മെക്സിക്കോ സെന്റ്രോ അമേരിക്ക’യുടെ ഡയറക്ടറായ ബ്രെന്‍ഡ ട്രെവീനോ പറഞ്ഞു. പന്ത്രണ്ടായിരത്തിലധികം മിഷ്ണറിമാര്‍ മെക്സിക്കോയിലും, 24 രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇക്കൊല്ലത്തെ സുവിശേഷ പ്രഘോഷണ യജ്ഞത്തില്‍ പങ്കുചേര്‍ന്നുവെന്നും ട്രെവീനോ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളും, അത്മായരും, സമര്‍പ്പിതരും, വൈദികരും അടങ്ങുന്ന അന്താരാഷ്‌ട്ര കത്തോലിക്കാ സംഘടനയാണ് റെഗ്നം ക്രിസ്റ്റി ഫൗണ്ടേഷന്‍. “ആയിരകണക്കിന് കഥകള്‍, ഒരു ദൗത്യം” എന്നതായിരുന്നു മെഗാമിഷന്‍ 2023-ന്റെ മുഖ്യ പ്രമേയം. ലോകമെങ്ങും പോയി സുവിശേഷ പ്രഘോഷിക്കുവാനുള്ള കര്‍ത്താവിന്റെ വചനമനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി തങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രഘോഷിച്ചുവരികയാണെന്ന് ട്രെവീനോ ചൂണ്ടിക്കാട്ടി. മെക്സിക്കോയിലെ 24 സംസ്ഥാനങ്ങളിലെ 45 രൂപതകളിലായി 170-ലധികം പ്രധാന സമൂഹങ്ങളിലും, 935 പ്രാദേശിക സമൂഹങ്ങളിലും തങ്ങള്‍ ക്രിസ്തുവിന്റെ വചനം എത്തിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ഇതിനു പുറമേ, കോസ്റ്ററിക്ക, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടെക്സാസ് എന്നിവിടങ്ങളിലെ വിവിധ പ്രവിശ്യകളിലും തങ്ങള്‍ സുവിശേഷമെത്തിച്ചു. കാനഡ, അമേരിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും മെഗാമിഷന്‍സിന്റെ സുവിശേഷ പ്രഘോഷണങ്ങള്‍ നടക്കുന്നുണ്ട്. 24 രാഷ്ട്രങ്ങളിലെ 21,000 സ്ഥലങ്ങളില്‍ തങ്ങളുടെ സേവനമെത്തിക്കുവാനും, 75 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുവാനും, 43,500 മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും, നിയമ ഉപദേശങ്ങളും, ഭവന നിര്‍മ്മാണവും, വിവിധ ജയിലുകളിലെ തടവുകാര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞതില്‍ ദൈവത്തോടു നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രഘോഷണത്തിന് പുറമേ, മെഡിക്കല്‍ മിഷനുകളും, ജയില്‍ സന്ദര്‍ശന പരിപാടികളും, സംഗീത പരിപാടികളും, നിര്‍മ്മാണ ദൗത്യങ്ങളും മെഗാമിഷന്‍ നടത്തിവരുന്നുണ്ട്.