Life In Christ

“ഇവര്‍ കര്‍ത്താവിന്റെ സമ്മാനം”: കാന്‍സറിനെ തുടര്‍ന്നു ഗര്‍ഭധാരണം അസാധ്യമെന്ന് വിധിയെഴുതിയ ആമി ഇന്ന് അഞ്ച് കുഞ്ഞുങ്ങളുടെ അമ്മ

പ്രവാചകശബ്ദം 17-04-2023 - Monday

സണ്‍ഡര്‍ലാന്‍ഡ് (ബ്രിട്ടന്‍): അപ്രതീക്ഷിതമായി സ്ഥിരീകരിച്ച കാന്‍സറിനെ തുടര്‍ന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് വിധികല്‍പ്പിച്ചിരിന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് സമ്മാനമായി ലഭിച്ചത് അഞ്ച് കുഞ്ഞുങ്ങളെ. തങ്ങള്‍ക്കുണ്ടായ ഈ അഞ്ച് അത്ഭുത മക്കളും കര്‍ത്താവിന്റെ സമ്മാനമാണെന്നാണ്‌ അമി, അലെക്സ് ലിന്‍ഡ്സെ ദമ്പതികള്‍ പറയുന്നത്. ഓരോ കുഞ്ഞും കര്‍ത്താവിന്റെ കരുണയാല്‍ ലഭിച്ചതിനാല്‍ ബൈബിളില്‍ നിന്നുമുള്ള പേരുകളാണ് ദമ്പതികള്‍ നല്‍കിയിരിക്കുന്നത്. ആറ് വയസ്സുകാരനായ ഏലിയാ, നാല് വയസ്സുകാരനായ സിയോന്‍, ഒറ്റപ്രസവത്തിലുണ്ടായ ഒന്നരവയസ്സു പ്രായമുള്ള ആബേല്‍, ആഷര്‍, അസരിയ എന്നിങ്ങനെ നീളുന്നു കുഞ്ഞുമക്കളുടെ പേരുകള്‍.

തങ്ങളുടെ ജീവിതം തന്നെ ഒരു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നു ഈ യുവ ദമ്പതികള്‍ പറയുന്നു. സണ്‍ഡര്‍ലാന്‍ഡിലായിരിന്നു ഇവരുടെ താമസം. ക്രിസ്തീയ വിശ്വാസത്തിലൂന്നിയുള്ള ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ആമിക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2012-ല്‍ ക്യൂബയില്‍ അവധി ചിലവഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അലെക്സ് ആമിയോടു വിവാഹാഭ്യര്‍ത്ഥന നടത്തുവാനിരിക്കേയാണ് ആമിക്ക് കാന്‍സര്‍ ആണെന്നു അറിയുന്നത്. അതോടെ അവരുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. കോശവ്യവസ്ഥയെ ബാധിക്കുന്ന ഹോഡ്ജ്കിന്‍ ലിംഫോമ എന്ന അസാധാരണ വിഭാഗത്തില്‍പെടുന്ന കാന്‍സര്‍ ആയിരുന്നു ആമിയെ പിടികൂടിയത്. കീമോതെറാപ്പിയും, സ്റ്റെര്‍ണോടോമി ശസ്ത്രക്രിയയുമായിരുന്നു ആമിക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ഇത് പ്രത്യുല്‍പ്പാദനത്തേ ബാധിക്കുന്ന ചികിത്സയായിരുന്നു.

കുഞ്ഞുങ്ങളുമായി കുടുംബമായി കഴിയുന്നത് സ്വപ്നം കണ്ടിരുന്ന ആമിയെ ഇത് ഏറെ ദുഃഖത്തിലാഴ്ത്തി. വലിയ നിരാശയ്ക്കു അടിമപ്പെട്ട നാളുകളായിരിന്നു അത്. ചികിത്സക്കിടയില്‍ 2012 ഡിസംബറില്‍ അലെക്സ് ആമിയോടു വിവാഹാഭ്യര്‍ത്ഥന നടത്തി. 2015 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ അധികം വൈകാതെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആമി ഗര്‍ഭവതിയായി. ഒരു ചെറിയ പെട്ടിയിലെ ചെറിയ ആപ്പിള്‍ വിത്ത് കാണിച്ചുകൊണ്ട് ഇതാണ് നമ്മുടെ കുട്ടിയുടെ വലുപ്പമെന്ന് ആമി പറഞ്ഞപ്പോള്‍ താന്‍ സന്തോഷം കൊണ്ട് മതിമറന്നുവെന്ന് അലെക്സ് പറയുന്നു.

സാധ്യതകള്‍ ഏറെ വിദൂരമാണെന്ന് പലരും വിധിയെഴുത്ത് നടത്തിയെങ്കിലും കര്‍ത്താവിന്റെ കരുണ കുടുംബത്തിന്റെമേല്‍ നിറഞ്ഞൊഴുകയായിരിന്നു. 2017 ഫെബ്രുവരിയിലാണ് അവരുടെ ആദ്യ അത്ഭുത മകനായ എലിയാ പിറക്കുന്നത്. 2019 ഫെബ്രുവരിയില്‍ രണ്ടാമത്തെ മകനായ സിയോനും പിറന്നു. ആമിയുടെ മൂന്നാമത്തെ ഗര്‍ഭധാരണമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടുന്നത്. പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിംഗിന് ശേഷമാണ് തന്റെ ഉദരത്തില്‍ വളരുന്നത് മൂന്ന്‍ കുട്ടികളാണെന്ന് ആമി അറിയുന്നത്. അത് തങ്ങളുടെ ജീവിതം മാറ്റിമറിച്ച വാര്‍ത്തയായിരുന്നുവെന്നു അലെക്സ് പറയുന്നു.

തങ്ങള്‍ മൂന്ന്‍ മക്കളെയാണ് ആഗ്രഹിച്ചതെങ്കിലും ദൈവം തങ്ങള്‍ക്ക് 5 മക്കളെ നല്‍കി അനുഗ്രഹിച്ചുവെന്നും അലെക്സ് നന്ദിയോടെ ഓര്‍ക്കുന്നു. 2021 ജൂലൈ മാസത്തിലാണ് ആബേലും, ആഷറും, അസാരിയയും ജനിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന എന്റെ ശരീരത്തില്‍ നിന്നും 5 മക്കള്‍ ഉണ്ടായെന്നത് ശരിക്കും അത്ഭുതപ്പെടുത്തുകയാണെന്നും നമ്മള്‍ വിചാരിക്കുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവത്തിന് കഴിയുമെന്നും ആമി ഇന്നു പറയുന്നു. ജീവിതം ഈ നിലയില്‍ എത്തുവാന്‍ കഴിയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നു അലെക്സും സാക്ഷ്യപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 6-ന് “ഔര്‍ സൂപ്പര്‍സൈസ്ഡ് ക്രിസ്ത്യന്‍ ഫാമിലി” എന്ന ബിബിസി വണ്‍ പരിപാടിയില്‍ അലെക്സും, ആമിയും പങ്കെടുത്തിരുന്നു.

Tag:Mom who defied cancer to have five ‘miracle’ boys says they are ‘gift from God’, Malayalam Prolife Testimony, news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »