Life In Christ - 2024

കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകുവാൻ തയാർ: അമേരിക്കൻ മെത്രാൻ

പ്രവാചകശബ്ദം 21-04-2023 - Friday

വാഷിംഗ്‌ടണ്‍ ഡി‌.സി: കുമ്പസാര രഹസ്യത്തിനുള്ള നിയമപരമായ സംരക്ഷണം എടുത്തുകളയുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വാഷിംഗ്ടണിലെ നിയമസാമാജികര്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ രൂപതയിലെ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകുവാനായിരിക്കും തയ്യാറാവുകയെന്ന് വാഷിംഗ്‌ടണിലെ സ്പോകേനിലെ ബിഷപ്പ് തോമസ്‌ എ. ഡാലിയുടെ പ്രസ്താവന. ഇടയന്മാരും, മെത്രാന്മാരും, വൈദികരും ജയിലില്‍ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യം രഹസ്യമാക്കിവെക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്പോകേന്‍ രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ ഏപ്രില്‍ 19-ലെ കത്തില്‍ പറയുന്നു. കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അത് അങ്ങനെ തന്നെ തുടരുമെന്ന് മെത്രാന്‍ പറഞ്ഞു.

ലൈംഗീക പീഡനങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ വൈദികർ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന സംസ്ഥാന സെനറ്റ് ബില്ലിനെ പരാമര്‍ശിച്ചുകൊണ്ടാണ് കത്ത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വിസമ്മതിക്കുന്ന വൈദികരെ ജയിലിലടക്കുമെന്നാണ് ഭീഷണി. ഈ ഭേദഗതി അനുവദിക്കുവാന്‍ കഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട് സെനറ്റ് ഏപ്രില്‍ 17-ന് ബില്‍ ഹൗസിന് തിരിച്ചയച്ചിരുന്നു. ഭേദഗതി വേണോ വേണ്ടയോയെന്ന്‍ തീരുമാനിക്കേണ്ടത് ഇനി ഹൗസാണ്. ഭേദഗതി വേണമെന്നോ അല്ലെങ്കില്‍ പകരം മറ്റൊരു ബില്ലോ ഹൗസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് വീണ്ടും സെനറ്റിന്റെ പരിഗണനക്കായി പോകും. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികരുടെ സമ്മര്‍ദ്ധം ചെലുത്തുന്ന ഏത് നിയമനിര്‍മ്മാണവും കാനോന്‍ നിയമവും, പൊതു നിയമവും തമ്മിലുള്ള പോരാട്ടത്തിന് കാരണമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

മുദ്രിതമാക്കപ്പെട്ട കുമ്പസാര രഹസ്യം അലംഘനീയമാണെന്നാണ് കാനോന്‍ നിയമം 983-ല്‍ പറയുന്നത്. എന്തു കാരണം കൊണ്ടാണെങ്കിലും കുമ്പസാരത്തിനായി വന്ന വ്യക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നത് തീര്‍ത്തും തെറ്റാണെന്നും കാനോന്‍ നിയമത്തില്‍ പറയുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാലുള്ള ശിക്ഷയും കാനോന്‍ നിയമത്തിലുണ്ട്. നേരിട്ട് കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്ന ഒരു വൈദികൻ യാന്ത്രികമായി തന്നെ പുറത്താക്കപ്പെടും. നേരിട്ടല്ലാതെ വെളിപ്പെടുത്തുന്ന വൈദികനു തെറ്റിന്റെ കാഠിന്യം അനുസരിച്ചുള്ള ശിക്ഷയാണ് കാനോന്‍ നിയമ 1386-ല്‍ വിധിച്ചിരിക്കുന്നത്. നല്ല നിയമങ്ങള്‍ ഉണ്ടാക്കി അത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുവാന്‍ ബിഷപ്പ് ഡാലി തന്റെ കത്തിലൂടെ നിയമസാമാജികരോട് ആഹ്വാനം ചെയ്തു.

നിയമത്തിന്റെ സഹായത്തോടെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ ശ്രമിച്ച രാജാക്കന്‍മാരും, രാജ്ഞിമാരും, ഏകാധിപതികളും, നിയമനിര്‍മ്മാതാക്കളും പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും മെത്രാന്‍ തന്റെ കത്തിലൂടെ ചൂണ്ടിക്കാട്ടി. നിയമസാമാജികരുടെ സഹായത്തോടെ കുട്ടികളെയും, കുമ്പസാര രഹസ്യവും സംരക്ഷിക്കുന്ന ബില്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് മെത്രാന്‍ സമിതിയുടെ ഒരു വക്താവ് പറഞ്ഞതായി കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Related Articles »