India - 2025
സെമിനാരികൾ ദൈവവുമായി കൂടുതൽ അടുപ്പിക്കുന്നതായിരിക്കണം: മാത്യൂസ് മാർ പോളികാർപ്പോസ്
പ്രവാചകശബ്ദം 05-06-2023 - Monday
കോട്ടയം: സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്യാൻ വൈദിക വിദ്യാർത്ഥികളെ രൂപപ്പെടുത്തേണ്ട ഇടമാണ് സെമിനാരിയെന്നും സെമിനാരികൾ ദൈവവുമായി കൂടുതൽ അടുപ്പിക്കുന്നതായിരിക്കണമെന്നും ഓർക്കുംതോറും സ്നേഹിക്കാനുള്ള ഇടങ്ങളായി സെമിനാരികൾ തീരണമെന്നും മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം സഹായ മെത്രാൻ മാത്യൂസ് മാർ പോളികാർപ്പോസ്. വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിന്റെയും സെന്റ് തോമസ് അപ്പസ്തോലിക് സെമി നാരിയുടെയും 2023-24 അധ്യയനവർഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് മാത്യൂസ് മാർ പോളികാർപ്പോസ്.
സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൂർവ വിദ്യാർഥികളായ മാത്യൂസ് മാർ പോളികാർപ്പോസും ആന്റണി മാർ സിൽവാനോസും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയോടുകൂടി പുതിയ അധ്യയന വർഷം ആരംഭിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, സെമിനാരി റെ ക്ടർ റവ.ഡോ. സ്കറിയ കന്യാകോണിൽ എന്നിവർ പ്രസംഗിച്ചു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ച റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിനും ഈസ്റ്റേൺ കാനോൻ ലോ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച റവ. ഡോ. ജെയിംസ് തലചെല്ലൂരിനും 15 വർഷത്തെ സേവനത്തിനു ശേഷം തൃശൂർ മേരിമാതാ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഡോ. സെ ബാസ്റ്റ്യൻ ചാലക്കലിനും പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് നന്ദി പ്രകാശിപ്പിച്ചു.