News

ആഗോള ഭൂതോച്ചാടകരുടെ സമ്മേളനത്തിന് സമാപനം; ഏറെ പ്രധാനപ്പെട്ട ശുശ്രൂഷയെന്ന് മാര്‍പാപ്പ

പ്രവാചകശബ്ദം 25-09-2025 - Thursday

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ആഗോള ഭൂതോച്ചാടക വൈദികരുടെ സമ്മേളനത്തിന് ഇറ്റലിയില്‍ സമാപനം. ഇറ്റലിയിലെ സാക്രൊഫാനോയിൽ സെപ്റ്റംബർ 15 മുതൽ 20 വരെ തീയതികളിൽ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിനു ലെയോ പതിനാലാമൻ പാപ്പ ആശംസ സന്ദേശമയച്ചു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യർക്ക് വിടുതലും ആശ്വാസവും നൽകുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പ പറഞ്ഞു.

വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുൾപ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. ഭൂതോച്ചാടനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തിൽ പാപ്പായുടെ സന്ദേശം വായിച്ചത്.

ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കർത്താവ് സാത്താനുമേൽ വിജയം നൽകാൻവേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കർത്താവിനോട് കൂടുതല്‍ അപേക്ഷിക്കാനും പ്രാർത്ഥിക്കാനും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ആയിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »