Sunday Mirror - 2024

ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 02-06-2024 - Sunday

ഹൃദയങ്ങള്‍ കൈമാറുകയെന്നത് പ്രണയത്തിന്റെ അഗാധമായ ഭാവമാണ്. ഹൃദയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സ്‌നേഹം ഉച്ചസ്ഥായിലാകും. ഹൃദയങ്ങള്‍ കൈമാറുമ്പോഴേ പ്രണയികള്‍ക്ക് പങ്കാളികളുടെ കണ്ണികളിലൂടെ അവരുടെ ലോകവും അവന്റെയോ അവളുടെ ലോകവും കാണാന്‍ കഴിയൂ.

ഇന്ന് തിരുഹൃദയ തിരുനാള്‍ ദിനമാണ്. ഈശോയുടെ തിരുഹൃദയവും എന്റെ ഹൃദയവും കൈമാറേണ്ട പ്രണയ ദിനം. കത്തോലിക്കാ സഭയുടെ വാലന്റൈന്‍സ് ഡേയാണ് (പ്രണയ ദിനം) തിരുഹൃദയ തിരുനാള്‍ ദിനം. ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയവുമായി സ്വന്തം ഹൃദയം കൈമാറിയ ഒരു സന്യാസിനി ബെല്‍ജിയത്തു ജീവിച്ചിരുന്നു അയ്വേഴ്സിലെ വിശുദ്ധ ലുട്ട്ഗാര്‍ഡിസ്. സഭയില്‍ പഞ്ചക്ഷതധാരിയായി അറിയപ്പെട്ട ആദ്യ വനിതയായിരുന്നു അവള്‍.

ബെല്‍ജിയത്തിലെ ടോംഗ്രെസ് എന്ന പട്ടണത്തില്‍ ഒരു സമ്പന്ന കുടുംബത്തില്‍ 1182 ല്‍ ലുട്ട്ഗാര്‍ഡിസ് പന്ത്രണ്ടാം വയസ്സില്‍ അവളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന സ്ത്രീധനം ഒരു കപ്പലപകടത്തില്‍ നഷ്ടപ്പെട്ടതിനാല്‍ മനസ്സില്ലാ മനസ്സോടെ ബെനഡിക്ടൈന്‍ സഭയില്‍ അവള്‍ ചേര്‍ന്നു. എന്നാല്‍ പതിനേഴാം വയസ്സില്‍ അവള്‍ക്കുണ്ടായ ഒരു അലൗകികമായ അനുഭവം അവളുടെ ജീവിതത്തെ സമൂലം മാറ്റി. അവള്‍ സന്ദര്‍ശന മുറിയിലായിരിക്കുരുമ്പോള്‍ ഈശോ തന്റെ പിളര്‍ക്കപ്പെട്ട ഹൃദയവും തിരുമുറിവുകളുമായി ലുട്ട്ഗാര്‍ഡിസിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

മധ്യകാലഘട്ടത്തിലുണ്ടായ ആദ്യ തിരുഹൃദയ ദര്‍ശനമായാണ് ഈ പ്രത്യക്ഷീകരണത്തെ മനസ്സിലാക്കുന്നത്. തുടര്‍ന്നും നിരവധി തവണ ഈശോയുടെ തിരുഹൃദയ ദര്‍ശനങ്ങള്‍ അവള്‍ക്കു ലഭിച്ചു. ഒരു ദര്‍ശനത്തില്‍ ഈശോയുമായി ഹൃദയം കൈമാറുന്നതായി അവള്‍ അനുഭവിച്ചു. ആ സന്ദര്‍ഭത്തില്‍ ഈശോ അവളോട് ചോദിച്ചു: 'അപ്പോള്‍ നിനക്കെന്താണ് വേണ്ടത്?'

'എനിക്കു നിന്റെ ഹൃദയം വേണം' അവള്‍ മറുപടി നല്‍കി.

'നിനക്ക് എന്റെ ഹൃദയം വേണോ? എങ്കില്‍ എനിക്കു നിന്റെ ഹൃദയവും വേണം'- ഇതായിരുന്നു ഈശോയുടെ പ്രത്യുത്തരം.

ഇതുകേട്ട ലുട്ട്ഗാര്‍ഡിസ് ഇങ്ങനെ മറുപടി പറഞ്ഞു: 'എന്റെ പ്രാണപ്രിയാ, എന്റെ ഹൃദയം നീ എടുത്തു കൊള്ളുക. പക്ഷേ നിന്റെ ഹൃദയത്തിലെ സ്‌നേഹം എന്റെ ഹൃദയത്തോട് അലിഞ്ഞു ചേരുന്ന വിധത്തില്‍ അത് സ്വീകരിക്കുക. അങ്ങനെ ഞാന്‍ എന്റെ ഹൃദയത്തെ നിന്നില്‍ സ്വന്തമാക്കും. നിന്റെ സംരക്ഷണത്തില്‍ അത് എപ്പോഴും സുരക്ഷിതമായി നിലകൊള്ളുകയും ചെയ്യും.'

അഗാധമായ പ്രാര്‍ത്ഥനാ ജീവിതവും താപസും നയിച്ചിരുന്ന ലുട്ട്ഗാര്‍ഡിസ് മൂന്നു പ്രാവശ്യം ഏഴു വര്‍ഷക്കാലം വീതം ഉപവസിച്ചു, ഈക്കാലയളവില്‍ അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. വിശുദ്ധ ഓരോ ഉപവാസവും ഈശോയുടെ നിയോഗങ്ങള്‍ക്കായി സമര്‍പ്പിച്ചു: ആദ്യത്തേതു പാഷണ്ഡികളുടെ മാനസാന്തരമായിരുന്നെങ്കില്‍, രണ്ടാമത്തേതു പാപികളുടെ രക്ഷയ്ക്കും, മൂന്നാമത്തേത് സഭയെ ഭീഷണിപ്പെടുത്തിയ ഫ്രെഡറിക് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് വേണ്ടിയുമായിരുന്നു.

1246 ജൂണ്‍ 16-ന് നിര്യാതയായ ലുട്ട്ഗാര്‍ഡിസിനെ 1793-ല്‍ ക്ലെമന്റ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ലുട്ട്ഗാര്‍ഡിസ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാല്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.തിരുഹൃദയ ഭക്തയായ അവളുടെ ഓര്‍മ്മ ദിനം ഈ വര്‍ഷം തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ത്തന്നെ (ജൂണ്‍ 16) വന്നതില്‍ ഈ ദിനത്തിന്റെ സന്തോഷം വര്‍ദ്ധിതമാകുന്നു.

ഈ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ നമ്മുടെ ഹൃദയത്തെ ഈശോയുടെ തിരുഹൃദയത്തിനു കൈമാറാം. ഈശോയുടെ തിരുഹൃദയം നമ്മിലേക്കും നമ്മുടേത് അവനിലേക്കും. എത്ര അകന്നാലും അണയാത്ത സ്‌നേഹവും എത്ര അടുത്താലും പിടികിട്ടാത്ത സ്‌നേഹവുമായ ഈശോയുടെ തിരുഹൃദയത്തിലേക്ക് പുഴ കടലില്‍ ചേരുന്നതുപോലെ നമുക്കൊഴുകാം.


Related Articles »