India - 2025
ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിലും പ്രാർത്ഥനാദിനം
പ്രവാചകശബ്ദം 27-06-2023 - Tuesday
കൊച്ചി: കലാപം നടക്കുന്ന മണിപ്പുരിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും പലായനം ചെയ്യപ്പെട്ടവർ, മരണഭീതിയിൽ കഴിയുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ എന്നിവരോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചും ജൂലൈ രണ്ടിന് കേരള കത്തോലിക്കാ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കാൻ കെസിബിസി ആഹ്വാനം ചെയ്തു. മണിപ്പുരിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായമെത്തിക്കുന്നതിന് ജൂലൈ ഒമ്പതിലെ സ്തോത്രകാഴ്ച പ്രത്യേകമായി സമാഹരിക്കണമെന്നും കെസിബിസി സർക്കുലറിലൂടെ ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിലും മതേതരത്വത്തെ മാനിക്കുന്നവർ എന്ന നിലയിലും മണിപ്പുരിലുൾപ്പെടെ രാജ്യത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്ന് നടിക്കാനോ പ്രതികരിക്കാതിരിക്കാനോ കഴിയില്ല. ഏതു സമൂഹത്തിനും അവർ ആയിരിക്കുന്ന ഇടങ്ങളിൽ സുരക്ഷിതമായി, ഭയലേശമില്ലാതെ ജീവിക്കാൻ സാധിക്കുന്നവിധം രാജ്യത്തിലെ പൗരന്മാരെ ഒന്നായിക്കണ്ട് അവർക്ക് സുരക്ഷിതത്വം ഉറപ്പുനൽകേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾക്കുണ്ട്. മണിപ്പുരിൽ നടമാടുന്ന അക്രമ പ്രവർത്തനങ്ങളോടും കലാപങ്ങളോടും നി ഷ്പക്ഷമായി പ്രതികരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇനിയും വൈകരുത്.
ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളെ സം സ്ഥാന സർക്കാർ സഹായിക്കുന്നതായും അവർ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ക്ക് നേരേ കണ്ണടയ്ക്കുന്നതായുമുള്ള വാർത്തകൾ ആശങ്കാജനകമാണ്. സിബിസിഐയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് കേരളസഭയിലും കെസിബിസി അടുത്ത ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കുന്നത്. പ്രാർത്ഥനാദിനാചരണത്തോടു ചേർന്നുതന്നെ മണിപ്പൂർ വിഷയത്തിൽ പ്രതിഷേധങ്ങളും ആശങ്കകളും പൊതു സമൂഹത്തിൽ അവതരിപ്പിക്കണം. അതീവ ഗൗരവമുള്ള ഈ വിഷയത്തിലേക്ക് സർക്കാരിന്റെ സത്വര ശ്രദ്ധ ആകർഷിക്കത്തക്കവിധം, ഇടവക - ഫൊറോന - രൂപത തലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധ പരിപാടികൾ ക്രമീകരിക്കുന്നത് ഉചിതമാണ്.
നമ്മുടെ സഹപൗരന്മാരുടെ വേദനയിൽ പങ്കുചേർന്നു ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ ഏവരുടെയും കണ്ണു തുറപ്പിക്കാനും, സമയോചിതമായ ഇടപെടലിലൂടെ സമാധാനത്തിനായി ഭരണകർത്താക്കൾ പ്രവർത്തനനിരതരാകാനും നമ്മുടെ പ്രാർഥനയും പ്രവർത്തനങ്ങളും വഴിയൊരുക്കുമെന്നും സർക്കുലറിൽ പറയുന്നു. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ സംയുക്തമായാണു സർക്കുലർ പുറപ്പെടുവിച്ചത്.
