India - 2025

മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രിയുടെ നിഷ്ക്രിയ സമീപനവും മൗനവും ജനാധിപത്യഭരണത്തിന് അപമാനമെന്ന് ലെയ്റ്റി കൗൺസിൽ

പ്രവാചകശബ്ദം 01-07-2023 - Saturday

കൊച്ചി: മണിപ്പൂരിൽ നാളുകളായി തുടരുന്ന കലാപത്തിലും കൊലപാതകങ്ങളിലും ഇടപെടലുകൾ നടത്താത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. വിവിധ ഗോത്രങ്ങൾ തമ്മിലുള്ള ആക്രമങ്ങളെന്ന ന്യായവാദം തെറ്റാണെന്നു തെളിയി ക്കപ്പെട്ടിട്ടുണ്ട്. വിവിധ ഗോത്രങ്ങളിലെ ക്രൈസ്തവർ മാത്രം എങ്ങനെ കലാപ ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരിനാകുന്നില്ല. ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും മാത്രമാണു തകർക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്ക്രിയ സമീപനം മണിപ്പൂർ കലാപം സർക്കാർ പിന്തുണയുള്ള ആസൂത്രിത കലാപ അജൻഡയെന്നു വ്യക്തമാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂർവസ്ഥിതിയിലെത്തിക്കുന്നതിനും പലായനം ചെയ്യപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും അടിയന്തരശ്രമങ്ങളുണ്ടാകണം. മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമാധാ നത്തിനായി പ്രാർത്ഥിച്ചും നാളെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിരിക്കുന്ന മണിപ്പുർ ദിനാചരണത്തിൽ രാജ്യത്തെ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും പങ്കുചേരും. മണിപ്പുരിൽനിന്നു പലായനം ചെയ്യപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളെ ഇന്ത്യയിലെ വിവിധ കത്തോലിക്ക രൂപതകൾ ദത്തെടുക്കും. വിദ്യാർഥികളെ ദത്തെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവന്നതായും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.


Related Articles »