News - 2024

കുമ്പസാരകൂട് സദാ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 06-08-2016 - Saturday

ക്രാക്കോവ്: വിശ്വാസികള്‍ക്ക് തങ്ങളുടെ ഭാരം ഇറക്കിവയ്ക്കുവാന്‍ ദേവാലയങ്ങള്‍ എപ്പോഴും തുറന്നിരിക്കുന്നവയാകണമെന്നും കുമ്പസാരകൂട് സദാ പ്രവര്‍ത്തന സജ്ജമാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പോളണ്ടില്‍ 117 ബിഷപ്പുമാര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ അവരുമായി ആശയവിനിമയം നടത്തിയപ്പോഴാണ് ദേവാലയങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാട് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. പോളണ്ട് സന്ദര്‍ശനത്തിനിടെ ബിഷപ്പുമാരുമായി മാര്‍പാപ്പ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഒരു സംവാദം നടത്തിയിരുന്നു. ഇതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

"നഗരങ്ങളിലെ ദേവാലയങ്ങള്‍ എല്ലായ്‌പ്പോഴും തുറന്നു കിടക്കട്ടെ. ഹൈവേയുടെ അരികിലായി സ്ഥിതി ചെയ്യുന്ന പള്ളികളും നമുക്ക് തുറന്നിടാം. നമ്മുടെ പള്ളികള്‍ എപ്പോഴും ആളുകളെ സ്വാഗതം ചെയ്യുന്നതിനായി തുറന്നു തന്നെ കിടക്കണം. അവര്‍ക്ക് തങ്ങളുടെ ഭാരം ഇറക്കിവയ്ക്കുവാന്‍ കുമ്പസാരകൂടുകള്‍ തുറന്നു നല്‍കുമ്പോള്‍ അനേകര്‍ ദേവാലയത്തിലേക്കു കടന്ന്‍ വരും". പാപ്പ ബിഷപ്പുമാരോടായി പറഞ്ഞു.

ടര്‍ണോ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ലെസക്ക് ലെസ്‌കിവിസ്, മാര്‍പാപ്പയോട് ചോദിച്ച ഒരു ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ദേവാലയത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാട് എന്താണെന്ന് പാപ്പ വിശദീകരിച്ചത്. "സുവിശേഷ ദൗത്യത്തില്‍ കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ദേവാലയങ്ങളില്‍ എന്തു മാറ്റം വരണമെന്നാണ് പിതാവ് കരുതുന്നത്?". ഇതായിരുന്നു ബിഷപ്പിന്റെ ചോദ്യം.

"ദേവാലയമൊരു അനുഭവമായി മാറണം. ഭാവനാപൂര്‍ണ്ണമായ ചിന്തകള്‍ ലഭിക്കുന്ന ഒരിടമായും, സംശയം തോന്നുമ്പോള്‍ ഒന്ന് ചെന്ന് മറിച്ചു നോക്കുവാന്‍ കഴിയുന്ന ഒരു പുസ്തകമായും, ഒരു അമ്മയുടെ വാല്‍സല്യം ലഭിക്കുന്ന സ്ഥലമായും പള്ളികള്‍ മാറണം. നമ്മള്‍ ആളുകളെ സ്വീകരിക്കുവാന്‍ എപ്പോഴും ഒരുങ്ങിയിരിക്കണം. ആളുകള്‍ നമ്മിലേക്ക് വരില്ല. നാം അവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം. സുവിശേഷവത്ക്കരണം കൂടുതല്‍ ഫലവത്താകുവാന്‍ ഇതാണ് നാം ചെയ്യേണ്ടത്". പാപ്പ വിശദീകരിച്ചു.

തന്റെ നാടായ ബ്യൂണസ് ഐറിസില്‍ നടന്ന സംഭവത്തെ സരസമായി അവതരിപ്പിച്ചാണ് പാപ്പ ഈ വിഷയം അവസാനിപ്പിച്ചത്. "ഒരിക്കല്‍ മനസമ്മതം കഴിഞ്ഞ യുവതിയും യുവാവും തങ്ങളുടെ വിവാഹത്തിന്റെ ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്നു അന്വേഷിക്കുവാന്‍ പള്ളിയുടെ സെക്രട്ടറിയെ ചെന്നു കണ്ടു. അവരെ കണ്ട ഉടന്‍ സെക്രട്ടറി പറഞ്ഞത് വിവാഹത്തിന്റെ എല്ലാ പരിപാടികള്‍ക്കും കൂടി വരുന്ന പണം ഇത്രയുമാണെന്നതാണ്. ഇത്തരം തെറ്റായ നടപടികള്‍ ആളുകളെ ദേവാലയത്തില്‍ നിന്നും അകറ്റി നിര്‍ത്തും. സമ്മര്‍ദ്ദങ്ങളില്ലാത്ത, എന്തു കാര്യവും തുറന്നു പറയുവാന്‍ കഴിയുന്ന സ്ഥലമായി ദേവാലയം മാറണം". പാപ്പ പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »