News - 2024
മദർ തെരേസയുടെ ജീവിതം കേന്ദ്രമാക്കിയ ചലച്ചിത്രം 'ദ മിറക്കിൾസ് ഓഫ് മദർ തെരേസ' തിയേറ്ററുകളില്‍
പ്രവാചകശബ്ദം 16-07-2023 - Sunday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററി ചിത്രം ജൂലൈ 14ാം തീയതി, അമേരിക്കയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സ്പെയിനിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രദർശനം നടത്തി വിജയം കണ്ടെത്തിയ 'ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് മരിയ സവാളയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ് മരിയ സവാള.
മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ തെരേസയെ സംബന്ധിച്ചും, മദർ തെരേസ ദരിദ്രരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും നേരിട്ട് അറിയാവുന്ന ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവം നമുക്ക് നൽകുന്ന സമ്മാനമാണ് ചിത്രത്തിൽ എടുത്തു കാണിക്കുന്നതെന്ന് ഇന്റർനാഷ്ണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷൻ ഗാബി ജാക്കോബ ജൂലൈ 12നു എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു.
ആളുകളുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാനും, മാനസാന്തരങ്ങൾ സാധ്യമാക്കാനും മദർ തെരേസക്ക് കൽക്കത്തയിൽ ഉണ്ടായിരുന്ന സ്വാധീനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെയും, മദർ തെരേസയെയും പോലെ വലിയ കാര്യങ്ങൾ ചെയ്യാൻ ദൈവത്തിന്റെ കൈകളിൽ നാം നമ്മളെ തന്നെ സമർപ്പിക്കുമ്പോൾ എങ്ങനെ സാധ്യമാകുമെന്നുള്ള സന്ദേശം ചിത്രം നൽകുന്നുണ്ടെന്ന് ഗാബി ജാക്കോബ വിശദീകരിച്ചു. ഈ ചിത്രം ജീവനെ സംരക്ഷിക്കുന്നതിനെയും, കുടുംബ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനെയും, ദൈവത്തിന് നമ്മുടെ ഹൃദയങ്ങളിൽ എങ്ങനെ കേന്ദ്ര സ്ഥാനം നൽകണമെന്നതിനെപ്പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം നിങ്ങളുടെ ഹൃദയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരും, നിങ്ങളെ പ്രചോദിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും, മറ്റുള്ളവർക്ക് സേവനം ചെയ്യാനുമുള്ള ആഗ്രഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രരുടെ ഇടയിൽ നടത്തിയ നിസ്തുലമായ സേവനം വഴി ആഗോള ശ്രദ്ധ നേടിയ മദര്‍ തെരേസ 1997 സെപ്റ്റംബർ അഞ്ചാം തീയതിയാണ് നിത്യസമാനത്തിനായി വിളിക്കപ്പെട്ടത്. 2016, സെപ്റ്റംബർ നാലാം തീയതി മദര്‍ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.