News - 2025

വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 17-07-2023 - Monday

വത്തിക്കാന്‍ സിറ്റി: നാം വചനം പ്രഘോഷിക്കുമ്പോൾ, ഒന്നും സംഭവിക്കുന്നില്ലായെന്ന് തോന്നുന്നിടത്ത് പോലും, യഥാർത്ഥത്തിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ പരിശ്രമങ്ങളിലൂടെയും നമ്മുടെ പ്രയത്നങ്ങൾക്കപ്പുറവും ദൈവരാജ്യം ഇതിനകം വളരുകയാണെന്നു നാം ഒരിക്കലും മറക്കരുതെന്നു ഇന്നലെ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനക്കു മുന്നോടിയായി പങ്കുവെച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മൾ മാതാപിതാക്കളെ കണ്ടു, യുവതയെ കണ്ടു, ഇനി നമുക്ക് സുവിശേഷം വിതയ്ക്കുന്നവരെ നോക്കാം. സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധിയായ വൈദികരും സമർപ്പിതരും അല്മായരും ഉടനടിയുള്ള വിജയങ്ങളില്ലാതെയാണ് പലപ്പോഴും ദൈവവചനം ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതെന്നു പാപ്പ സ്മരിച്ചു.

നമുക്ക് സുവിശേഷത്തെക്കുറിച്ച് ചിന്തിക്കാം. എല്ലാവർക്കും കൈവശംവയ്ക്കാൻ കഴിയുന്നതും ലളിതവുമായ ഒരു ചെറു പുസ്തകം. അത് സ്വീകരിക്കുന്നവരിൽ അത് പുതുജീവൻ ഉളവാക്കുന്നു. അതിനാൽ, വചനം വിത്താണെങ്കിൽ, നാം നിലമാണ്: നമുക്ക് അതിനെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. 'നല്ല വിതക്കാരൻ' ആയ യേശു വിത്ത് ഉദാരമായി വിതയ്ക്കുന്നതിൽ ഒരിക്കലും മടുക്കുന്നില്ല. നമ്മുടെ നിലവും നമ്മുടെ ചാഞ്ചല്യത്തിൻറെതായ കല്ലുകളും വചനത്തെ ഞെരുക്കാൻ കഴിയുന്ന നമ്മുടെ ദുശ്ശീലങ്ങളുടെ മുള്ളുകളും (മത്തായി 13:21-22) അവിടുന്നു അറിയുന്നു, എന്നിട്ടും അവിടുന്ന് പ്രത്യാശ പുലർത്തുന്നു, നമുക്ക് സമൃദ്ധമായി ഫലം പുറപ്പെടുവിക്കാൻ കഴിയുമെന്ന് അവിടുന്ന് എപ്പോഴും പ്രതീക്ഷിക്കുന്നു (മത്തായി 13,8).

നമ്മുടെ ജീവിതത്തിൽ ദൈവ വചനത്തിന്റെ വിത്ത് പാകിയവരെ നമുക്ക് ഓർക്കാം, നാം ഓരോരുത്തരും ചിന്തിക്കണം. എന്റെ വിശ്വാസം ആരംഭിച്ചത് എങ്ങനെയാണ്? ഒരു പക്ഷേ, അവരുടെ മാതൃകകൾ കണ്ടുമുട്ടി വർഷങ്ങൾ പിന്നിട്ടതിനു ശേഷമായിരിക്കാം അത് മുളച്ചത്, പക്ഷേ അത് സംഭവിച്ചത് അവരു വഴിയാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ നമുക്ക് സ്വയം ചോദിക്കാം: ഞാൻ നന്മ വിതയ്ക്കുമോ? എനിക്കായി കൊയ്യുന്നതിൽ മാത്രമല്ല, മറ്റുള്ളവർക്കുവേണ്ടി വിതയ്ക്കുന്നതിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടോ?

ഞാൻ ദൈനംദിന ജീവിതത്തിൽ, അതായത്, പഠനം, ജോലി, ഒഴിവു സമയം തുടങ്ങിയവയിൽ, സുവിശേഷത്തിൻറെ വിത്തുകൾ വിതയ്ക്കുന്നുണ്ടോ? ഞാൻ നിരാശയിൽ നിപതിക്കുന്നുണ്ടോ? അതോ പെട്ടെന്ന് ഫലം കണ്ടില്ലെങ്കിലും, യേശുവിനെപ്പോലെ, ഞാൻ വിതയ്‌ക്കുന്നത് തുടരുമോ? സുവിശേഷത്തിൻറെ ഉദാരമതികളും സന്തോഷമതികളുമായ വിതക്കാരാകാൻ നമ്മെ കര്‍മ്മല മാതാവ് സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »