News - 2024

ഫാ. ഡാനിയൽ പെല്ലിസൺ ഫ്രാൻസിസ് പാപ്പയുടെ പുതിയ പേഴ്സണൽ സെക്രട്ടറി

പ്രവാചകശബ്ദം 18-07-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ തന്റെ പുതിയ പേഴ്സണൽ സെക്രട്ടറിയായി അര്‍ജന്റീനിയയിലെ ബ്യൂണസ് അയേഴ്സില്‍ നിന്നുള്ള വൈദികനെ നിയമിച്ചു. നാല്‍പ്പതു വയസ്സുള്ള ഫാ. ഡാനിയൽ പെല്ലിസണിനെയാണ് നിയമിച്ചതെന്ന് ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജോർജ് ഗാർസിയ മാധ്യമങ്ങളെ അറിയിച്ചു. പുതിയ പേഴ്‌സണൽ സെക്രട്ടറി തന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ റോമിലേക്ക് പോകുമെന്നും സഭയുടെ സേവനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും ബിഷപ്പ് ഗാർസിയ പറഞ്ഞു.

1983 ജനുവരി 24 ന് ബ്യൂണസ് അയേഴ്‌സ് നഗരത്തിലാണ് ഡാനിയൽ പെല്ലിസൺ ജനിച്ചത്. 2018 നവംബർ 3-ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ബ്യൂണസ് അയേഴ്സിലെ ലിനിയേഴ്‌സ് സാൻ കയെറ്റാനോ ദേവാലയത്തിൽ തീർത്ഥാടകരെ അനുഗമിച്ചുകൊണ്ട് ഡീക്കനായും ഇടവക വികാരിയായും അദ്ദേഹം തന്റെ ആദ്യ വർഷങ്ങളിലെ ശുശ്രൂഷകൾ നിർവഹിച്ചു. 2011-ലും 2012-ലും അദ്ദേഹം അന്ന് ആർച്ച് ബിഷപ്പായിരിന്ന കർദ്ദിനാൾ ജോർജ്ജ് ബെർഗോളിയയുമായി (ഫ്രാന്‍സിസ് പാപ്പ) സഹകരിച്ചിരിന്നു. 2023 മാര്‍ച്ച് മുതല്‍ ന്യൂസ്ട്ര സെനോറ ഡി ലാ മിസരികോർഡിയ ഇടവക വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.


Related Articles »