News - 2024

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 26-07-2023 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിലെ മുഖ്യ പ്രഭാഷകരുടെ പേരുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ പുറത്തുവിട്ടു. എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന്റെ പ്രസിഡന്റും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മോണ്ട്സെ അല്‍വരാഡോ, ‘എബൈഡിംഗ് റ്റുഗെദര്‍’ പോഡ്കാസ്റ്റിന്റെ അവതാരികയായ സിസ്റ്റര്‍ മിറിയം ജെയിംസ് ഹെയിഡ്ലാന്‍ഡ്, ‘അസ്ക് ഫാദര്‍ ജോഷ്‌’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. ജോഷ്‌ ജോണ്‍സണ്‍ എന്നീ മൂന്ന്‍ പേരാണ് പ്രധാനമായും പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക.

വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍.

‘ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ അവതാരകനായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഇ.ഡബ്ലിയു.ടി.എന്നിന്റെ പരിപാടികളായ ഐക്കണ്‍സിന്റേയും, ‘ക്ലിക്ക് കോണ്‍ കൊറാസോണ്‍ പുരോ’യുടേയും അവതാരകനായ ഫാ. അഗസ്റ്റിനോ ടോറസ്, രചയിതാവും പ്രൊഫസ്സറുമായ ഫാ. ജോണ്‍ ബേണ്‍സ് എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമേ, ഗ്രന്ഥകാരിയും ഹോപ്‌ സ്റ്റോറീസ് പോഡ്കാസ്റ്റിന്റെ അവതാരകയായ സിസ്റ്റര്‍ ജോസഫിന്‍ ഗാരെറ്റ്, ‘സിസ്റ്റേഴ്സ് ഓഫ് ദി ലൈഫ്’ എന്ന പ്രോലൈഫ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബെഥനി മഡോണ, സെര്‍വന്റ്സ് ഓഫ് പിയേഴ്സ്ഡ് ഹാര്‍ട്ട് ഓഫ് ജീസസ് ആന്‍ഡ്‌ മേരി സന്യാസ സമൂഹാംഗത്തിന്റെ സ്ഥാപകയായ മദര്‍ അഡേല ഗാലിണ്ടോ ഉള്‍പ്പെടെ നിരവധി പ്രമുഖ കന്യാസ്ത്രീകളും പ്രഭാഷണങ്ങള്‍ നടത്തും.

വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തിലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണത്തിന് പദ്ധതിയിട്ടത്.

ദിവ്യകാരുണ്യ നവീകരണത്തിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തുകയുണ്ടായി. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നാണ് കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉപയോഗിക്കേണ്ട തിരുവോസ്തി സൂക്ഷിക്കുന്നതിനുള്ള അരുളിക്ക പാപ്പ ആശീര്‍വദിച്ചിരിന്നു.


Related Articles »