India - 2025

കെസിബിസി സമ്മേളനം നാളെ മുതല്‍

പ്രവാചകശബ്ദം 30-07-2023 - Sunday

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനം നാളെ വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. ഓഗസ്റ്റ് നാലുവരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ധ്യാനം നയിക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസിൽ നടക്കും.

"കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ - ഒരു ദൈവശാസ്ത്ര പ്രതികരണം 'എന്ന വിഷയത്തിൽ റവ. ഡോ. അഗസ്റ്റിൻ കല്ലേലി പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റൈഫൻ ജോസഫ്, ടെസി, ജോബി തോമസ്, വർഗീസ് കെ. ചെറിയാൻ എന്നിവർ പ്രസംഗിക്കും.

മെത്രാന്മാർ, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ എന്നിവർ ഏകദിന ദൈവശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

More Archives >>

Page 1 of 540