News
പരസ്യ പശ്ചാത്തലത്തിൽ നിന്ന് 'ക്രിസ്തു രൂപം നീക്കി'; പിന്നാലെ മാപ്പ് പറഞ്ഞ് ആഡംബര കാർ നിർമ്മാതാക്കളായ 'പോർഷെ'
പ്രവാചകശബ്ദം 14-08-2023 - Monday
മ്യൂണിക്ക്: പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തു രൂപം നീക്കം ചെയ്തതിന് പ്രശസ്ത ആഡംബര കാർ നിർമ്മാതാക്കളായ പോർഷെ മാപ്പ് പറഞ്ഞു. പോർഷെ 911ന്റെ അറുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് പരസ്യം പുറത്തിറക്കിയത്. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. ക്രിസ്റ്റോ റേ എന്ന പേരിൽ അറിയപ്പെടുന്ന ക്രിസ്തു രൂപമാണ് അവർ പരസ്യത്തിൽ നിന്നും നീക്കം ചെയ്തത്. സംഭവത്തിൽ മാപ്പ് പറഞ്ഞ കമ്പനി ക്രിസ്തു രൂപം ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയ പുതിയ പരസ്യം പുറത്തുവിട്ടിട്ടുണ്ട്.
രൂപം നീക്കം ചെയ്ത് അതിന്റെ പീഠം മാത്രം ഉൾപ്പെടുത്തി പുറത്ത് വിട്ട പരസ്യ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രദേശത്തിന്റെ തന്നെ പ്രതീകമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്ന 'ക്രിസ്റ്റോ റേ' ക്രിസ്തു രൂപം നീക്കം ചെയ്തത് നഗരത്തോട് കാണിച്ച അവഹേളനമായി പോലും കാണിച്ച് പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതില്‍ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത് ട്വിറ്ററിൽ നിന്നായിരുന്നു. വിവാദമായതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞുകൊണ്ട് ജർമ്മൻ കമ്പനി രംഗത്ത് വന്നത്.
ജനത്തിന് ഉണ്ടായ വേദന തങ്ങൾ മനസ്സിലാക്കുന്നുവെന്നും പുതിയ വീഡിയോ പുറത്തുവിട്ടിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ ഫോക്സ് ബിസിനസിനോട് പറഞ്ഞു. ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപത്തിന് സമാനമായി കൈകൾ വിരിച്ച് നിൽക്കുന്ന രീതിയിലാണ് ടാർജുസ് നദിക്കരയിലെ ക്രിസ്തുവിന്റെ രൂപം പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് മൂലം തകർച്ചയിൽ നിന്നും രാജ്യം രക്ഷപ്പെട്ടതിന്റെ നന്ദി സൂചകമായാണ് 1959-ല്‍ രൂപത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.