News - 2024

കൊടിയ ദാരിദ്ര്യം, ഭക്ഷണം പോലും ആഡംബരമായി മാറി; ദുഃഖം പങ്കുവെച്ച് നൈജീരിയന്‍ മെത്രാന്‍

പ്രവാചകശബ്ദം 22-03-2024 - Friday

അബൂജ: നൈജീരിയയില്‍ നിലവിൽ അരക്ഷിതാവസ്ഥയാണെന്നും ഭക്ഷണം കിട്ടുന്നവര്‍ അത് ആഡംബരമായി കണക്കാകുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്നും യോള രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ. കുതിച്ചുയരുന്ന പണപ്പെരുപ്പം, സമ്പൂർണ സാമ്പത്തിക പ്രതിസന്ധി എന്നിവ നൈജീരിയയെ അരക്ഷിതാവസ്ഥയ്ക്കു നടുവിലെത്തിച്ചുവെന്നും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ഇത് ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 2024 രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിംഗിൻ്റെ സമാപന വേളയിൽ നടത്തിയ പ്രസംഗത്തിലായിരിന്നു ബിഷപ്പ് മംസ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നൈജീരിയ നിലവിൽ അരക്ഷിതാവസ്ഥ, കുതിച്ചുയരുന്ന പണപ്പെരുപ്പം, സമ്പൂർണ സാമ്പത്തിക പ്രതിസന്ധി എന്നിവയെ തുടര്‍ന്നു ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നു. നൈജീരിയ ശരിക്കും രോഗിയാണ്, ബുദ്ധിമുട്ടുകൾ കാരണം ആളുകൾ മരിക്കുന്നു. വിശന്നു മരിക്കുന്നവരുണ്ട്; സ്‌കൂൾ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പലരും തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ നിന്ന് പിൻവലിച്ചു. പലരും വീടുവാടക നൽകാൻ കഴിയാത്തതിനാൽ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു; ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ പലർക്കും ആശുപത്രിയിൽ പോകാൻ കഴിയില്ല. എല്ലാം നിശ്ചലമായി. ബുദ്ധിമുട്ടുകളും വിലക്കയറ്റവും കാരണം സഭയിലെയും ധാരാളം പദ്ധതികളെ ബാധിച്ചു;

ഭക്ഷണം പോലും ആഡംബരമായി മാറിയിരിക്കുന്നു. ജനങ്ങൾ ശരിക്കും ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടണം. മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കാൻ നാം താഴ്മ കാണിക്കണം. നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ദൈവത്തിൻ്റെ മുഖം തേടണം. രാജ്യത്തെ എണ്ണമറ്റ വെല്ലുവിളികൾക്ക് അറുതി വരുത്താൻ വഴികള്‍ ഒരുക്കണമെന്നും ബോല അഹമ്മദ് ടിനുബുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് ബിഷപ്പ് മംസ ആവശ്യപ്പെട്ടു. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കിടയിലും നൈജീരിയയിലെ ജനങ്ങളുടെ സ്ഥിതി അതിദയനീയമായ അവസ്ഥയിലേക്ക് പോകുകയാണെന്നതിന്റെ പ്രകടമായ തെളിവാണ് ബിഷപ്പിന്റെ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.


Related Articles »