India - 2024

പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി

പ്രവാചകശബ്ദം 15-08-2023 - Tuesday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി. ഇന്നലെ വൈകുന്നേരം ദിവ്യകാരുണ്യവുമായി പള്ളിയിലെത്തിയ അദ്ദേഹം, അൾത്താരയിൽ പ്രാർത്ഥന നടത്തിയശേഷം ദിവ്യകാരുണ്യ ആശീർവാദം നൽകി. ബസിലിക്ക വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി പൂതവേലിലും മറ്റു വൈദികരും പൊന്തിഫിക്കൽ ഡെലഗേറ്റിനൊപ്പം ഉണ്ടായിരുന്നു.

ഇതിനിടെ ബസിലിക്കയിലേക്കെത്തിയ പൊന്തിഫിക്കൽ ഡെലഗേറ്റിനെ ഒരുവിഭാഗം വിശ്വാസികളും ചില വൈദികരും തടയാൻ ശ്രമിച്ചു. പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം ദേവാലയത്തിലേക്കു പ്രവേശിച്ചതും മടങ്ങിയതും. പൊന്തിഫിക്കൽ ഡെലഗേറ്റ് പള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞ ഏതാനും പേരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റി. മാർപാപ്പയുടെ പ്രതിനിധിക്കുനേരേ ബസിലിക്ക അങ്കണത്തിൽ തടിച്ചുകൂടിയ ആളുകൾ മുദ്രാവാക്യം മുഴക്കിയെന്നും പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞെന്നും ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലിൽ പറഞ്ഞു. ബസിലിക്ക ഇടവകയ്ക്കു പുറത്തുനിന്നുള്ള ആളുകളായിരുന്നു സംഘർഷമുണ്ടാക്കാൻ എത്തിയവരിൽ ഭൂരിഭാഗമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പാക്കിയ സിനഡ് തീ രുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അതിരൂപതയിലെ വിവിധ തലങ്ങളിലുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച ന ടത്തിയിരുന്നു.


Related Articles »