News - 2024

ഇക്വഡോര്‍ തെരഞ്ഞെടുപ്പിന് വേണ്ടി നവനാള്‍ പ്രാര്‍ത്ഥനയുമായി കത്തോലിക്ക സഭ

പ്രവാചകശബ്ദം 16-08-2023 - Wednesday

ക്വിറ്റോ: തെക്കേ - അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെർണാണ്ടോ വില്ലവിസെന്‍സിയോ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഓഗസ്റ്റ് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി നവനാള്‍ പ്രാര്‍ത്ഥനയുമായി കത്തോലിക്കാ സഭ. “ഇക്വഡോറിന് വേണ്ടി 9 ദിനങ്ങള്‍” എന്ന പേരില്‍ ദേശീയ നവനാള്‍ പ്രാര്‍ത്ഥനക്കു ഗ്വായക്വില്‍ അതിരൂപതയാണ് ഓഗസ്റ്റ് 11-ന് ആരംഭം കുറിച്ചത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഓഗസ്റ്റ് 19-നാണ് നവനാള്‍ ജപമാല പ്രാര്‍ത്ഥന അവസാനിക്കുക. പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ ഗ്വായക്വില്‍ അതിരൂപത നേരത്തെ വിശ്വാസികളെ സ്വാഗതം ചെയ്തിട്ടുണ്ട്.

രാജ്യം മുഴുവന്‍ സമ്മതിദാനത്തിലൂടെ തങ്ങളുടെ ഭരണഘടനാപരമായ അവകാശം നിറവേറ്റുകയും, രാജ്യത്ത് പ്രതീക്ഷയും സമാധാനവും കൊണ്ടുവരുന്ന തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് “ഇക്വഡോറിന് വേണ്ടി 9 ദിനങ്ങള്‍” എന്നു ഗ്വായക്വില്‍ അതിരൂപത പ്രസ്താവിച്ചു. പൊതു നന്മയും, ധാര്‍മ്മിക തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള പുതിയ സര്‍ക്കാര്‍ നയത്തിന് വേണ്ടിയുള്ള ആവശ്യം സഭ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളും, ചില സ്ഥാനാര്‍ത്ഥികളും മനുഷ്യ ജീവനും, അന്തസ്സിനും വേണ്ടി ആശങ്കാകുലരല്ലാത്തതില്‍ ഖേദമുണ്ടെന്നും രാഷ്ടീയപരമായി ഉറച്ച പ്രതിബദ്ധ കാണിക്കേണ്ട സമയമാണിതെന്നും സഭാനേതൃത്വം വ്യക്തമാക്കി.

നവനാള്‍ ജപമാലയില്‍ എപ്രകാരമാണ് പങ്കെടുക്കേണ്ടതെന്നതിനെ കുറിച്ചുള്ള വിവരണവും അറിയിപ്പിലുണ്ട്. ഓരോ ദിവസത്തേയും ജപമാലയില്‍ പ്രത്യേക നിയോഗവും, ലഘു വിചിന്തനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ദിനത്തിന്റെ തലേരാത്രിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി ചൊല്ലേണ്ട പ്രാര്‍ത്ഥനയും സഭ പുറത്തിറക്കിയിരിന്നു. ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫെർണാണ്ടോ വില്ലാവിസെൻസിയോയുടെ കൊലപാതകത്തെ അപലപിച്ചു ഫ്രാന്‍സിസ് പാപ്പയും നേരത്തെ രംഗത്തുവന്നിരിന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഇക്വഡോറിലെ ജനസംഖ്യയുടെ 74%ത്തിലധികവും കത്തോലിക്കരാണ്.


Related Articles »