News

ബുദ്ധമത രാജ്യമായ കംബോഡിയയില്‍ നിന്ന് ആദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി

പ്രവാചകശബ്ദം 22-08-2023 - Tuesday

ബാടംബാങ്ങ്: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ കംബോഡിയയില്‍ നിന്നു ഇതാദ്യമായി ജെസ്യൂട്ട് വൈദികന്‍ അഭിഷിക്തനായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു ഫ്നോം പെന്നിലെ അപ്പസ്തോലിക വികാരിയായ മോണ്‍. ഒലിവിയര്‍ ഷ്മിത്തായിസ്ലറില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. ഡാമോ ചുവോറിലൂടെയാണ് രാജ്യത്തിന് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗമായ വൈദികനെ ലഭിച്ചിരിക്കുന്നത്. പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ വഴികാട്ടിയായിരുന്ന പി.ഐ.എം.ഇ മിഷ്ണറി ഫാ. ആല്‍ബര്‍ട്ടോ കാക്കാരോ, ബാടംബാങ്ങ് അപ്പസ്തോലിക പ്രിഫെക്റ്റ് മോണ്‍. കിക്കെ ഫിഗാറെഡോ, കോംപോങ്ങ് ചാം അപ്പസ്തോലിക പ്രിഫെക്റ്റ് മോണ്‍. പിയറെ സുവോണ്‍ ഹാങ്ങ്ളി തുടങ്ങിയവര്‍ക്ക് പുറമേ 75 വൈദികരും, ആയിരത്തിയഞ്ഞൂറോളം വിശ്വാസികളും തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

വൈദികര്‍ക്ക് പുറമേ പതിനഞ്ചോളം ബുദ്ധ സന്യാസികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരുന്ന സെപ്റ്റംബര്‍ 23-ന് ഫ്നോം പെന്‍ അപ്പസ്തോലിക വികാരിയത്തില്‍വെച്ച് 10 പേര്‍ തിരുപ്പട്ടവും, 3 പേര്‍ ഡീക്കന്‍പട്ടവും സ്വീകരിക്കുമെങ്കിലും, ജെസ്യൂട്ട് സമൂഹത്തില്‍ വൈദികനായ ആദ്യ കംബോഡിയക്കാരനാണ് ഡാമോ ചുവോര്‍. ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി 1990-കളുടെ തുടക്കത്തില്‍ തന്നെ ജെസ്യൂട്ട് സമൂഹം കംബോഡിയയില്‍ സജീവമാണ്. 2000-ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ മാമ്മോദീസ സ്വീകരിച്ച ഡാമോ ഫിലിപ്പീന്‍സിലെ ക്യൂസോണ്‍ നഗരത്തിലെ ജെസ്യൂട്ട് നൊവീഷ്യേറ്റിലാണ് വൈദീക പഠനം ആരംഭിച്ചത്.

ഫിലിപ്പീന്‍സിലെ മനിലയിലെ ദൈവശാസ്ത്ര സര്‍വ്വകലാശാലയിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 2014-ല്‍ തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോംപോങ്ങ് ചാം നഗരത്തിലെ ഇടവകയില്‍ വെച്ച് ഡാമോയെ താന്‍ കണ്ടിട്ടുണ്ടെന്നും, തങ്ങള്‍ നിരന്തരം സമ്പര്‍ക്കത്തിലായിരുന്നെന്നും, 2006-ല്‍ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഒരു മുഴുവന്‍ സമയ മിഷ്ണറിയായതെന്നും ഫാ. ആല്‍ബര്‍ട്ടോ കാക്കാരോ അനുസ്മരിച്ചു.

അക്കാലത്ത് ഏറെ സാധ്യതയുണ്ടായിരിന്ന ബിരുദ പഠനം നടത്തിയിരിന്നതിനാല്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഡാമോ മറ്റേതെങ്കിലും തൊഴില്‍ തേടിപോകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും, ബിരുദ പഠനത്തിന്റെ അവസാനം അവനെ ഇനി കാണുവാന്‍ കഴിയുകയില്ലായെന്ന വിഷമത്തോടുകൂടി താന്‍ അവനുമായി സംസാരിച്ചപ്പോള്‍, “വിഷമിക്കേണ്ട ഫാദര്‍, നമ്മള്‍ ഇനിയും ഒരുമിക്കും” എന്നാണ് ഡാമോ പറഞ്ഞതെന്നും ഫാ. ആല്‍ബര്‍ട്ടോ അനുസ്മരിച്ചു.

കംബോഡിയയിലെ ആകെ ജനസംഖ്യയുടെ 93 ശതമാനവും ബുദ്ധമതക്കാരാണ്. അവരിൽ 95 ശതമാനവും തേരവാദ ബുദ്ധമതം പിന്തുടരുന്നവരാണ്. രാജ്യത്തുടനീളം 4,400 സന്യാസ ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ബാക്കിയുള്ള 7 ശതമാനത്തിലാണ് ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ആനിമിസ്റ്റുകൾ, ബഹായികൾ, ജൂതന്മാർ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിവിധ മതവിഭാഗങ്ങളുള്ളത്.


Related Articles »