News - 2024
മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ജെസ്യൂട്ട് സമൂഹത്തിന് ബംഗ്ലാദേശില്‍ നൊവിഷ്യേറ്റ് യാഥാര്‍ത്ഥ്യമാകുന്നു
പ്രവാചകശബ്ദം 16-07-2024 - Tuesday
ധാക്ക: ക്രൈസ്തവര്‍ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ ജെസ്യൂട്ട് സമൂഹാംഗമായ വൈദികവിദ്യാർത്ഥികള്‍ക്കായി നൊവിഷ്യേറ്റ് ഒരുങ്ങുന്നു. മൂന്നു പതിറ്റാണ്ടിന് ഒടുവിലാണ് സന്യാസ സമൂഹത്തിന്റെ വലിയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നത്. പുതിയ കെട്ടിടനിർമ്മാണം നടത്തുന്നതിന്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സഹായം നൽകിയതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികമായ ഭാഷയും, സംസ്കാരവും ഉൾക്കൊണ്ടുകൊണ്ട് പ്രാരംഭ പരിശീലനം നടത്തുവാൻ വൈദിക വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്.
രാജ്യത്ത് മുപ്പതു വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജെസ്യൂട്ട് സമൂഹം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു, സമൂഹത്തിലെ പുതിയ അംഗങ്ങളുടെ രൂപീകരണം. ബംഗ്ലാദേശിൽ നിന്നുളള അംഗങ്ങൾ ഇതുവരെ പരിശീലനം നടത്തിയിരുന്നത് അയൽരാജ്യമായ ഇന്ത്യയിൽ ആയിരുന്നു. എന്നാൽ അന്താരാഷ്‌ട്ര നിയമതടസങ്ങൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പരിശീലനകേന്ദ്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
1576 ലാണ് ആദ്യമായി ജെസ്യൂട്ട് സമൂഹാംഗങ്ങള്‍ ആദ്യമായി ബംഗ്ലാദേശിൽ എത്തിയത്. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാൽ സന്യാസ സമൂഹത്തിന്റെ പ്രവർത്തനം തടസപ്പെടുകയും, ദൗത്യം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പിന്നീട് 1994 ൽ, ബംഗ്ലാദേശ് മെത്രാന്മാരുടെ ക്ഷണപ്രകാരമാണ്, ജെസ്യൂട്ട് സമൂഹം പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇന്ന് 28 അംഗങ്ങളാണ് ബംഗ്ലാദേശിൽ ഉള്ളത്. അവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്ന് തന്നെയുള്ളവരാണ്. ബംഗ്ലാദേശിൽ ഏകദേശം അഞ്ചു ലക്ഷം ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. ഇതിൽ 300,000 പേർ കത്തോലിക്കരാണ്.