News

അനേകം യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ച് സെന്റ്‌ മൈക്കേല്‍സ് ആശ്രമം

പ്രവാചകശബ്ദം 22-08-2023 - Tuesday

ഡെന്‍വര്‍: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയിലെ ലോസ് ആഞ്ചലസിന് സമീപം സ്ഥാപിതമായ സെന്റ്‌ മൈക്കേല്‍സ് ആശ്രമം ചുരുങ്ങിയകാലം കൊണ്ട് നിരവധി യുവാക്കളെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ശ്രദ്ധ നേടുന്നു. ആഗോളതലത്തില്‍ തന്നെ വൈദിക പഠനം നടത്തുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും, സെന്റ്‌ മൈക്കേല്‍സ് ആശ്രമത്തില്‍ 42 യുവാക്കള്‍ വൈദിക പഠനം തുടരുകയാണ്. ആശ്രമം ആരംഭം കുറിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇനിയും നിരവധി പേര്‍ ഈ ആശ്രമത്തില്‍ വൈദീക പഠനത്തിനായി കാത്തിരിക്കുകയാണ്. ‘ഇ.ഡബ്യു.ടി.എന്‍’ന് നല്‍കിയ അഭിമുഖത്തില്‍ “ഭൂമിയിലെ സ്വര്‍ഗ്ഗം” എന്നാണ് പ്രിയോറായ ഫാ. ക്രിസോസ്റ്റം ബേയര്‍ ആശ്രമത്തെ വിശേഷിപ്പിച്ചത്.

“നമ്മുടെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാനും, നന്മയില്‍ വളരുവാനും, കുടിലതകളെ അതിജീവിക്കുവാനും, ആളുകളെ സ്വര്‍ഗ്ഗപ്രാപ്തിക്കായി സഹായിക്കുകയും ചെയ്തുകൊണ്ട് കത്തോലിക്ക സത്യത്താല്‍ നിറഞ്ഞ, ആഘോഷപൂര്‍വ്വം ദൈവാരാധന അര്‍പ്പിക്കപ്പെടുന്ന സ്ഥലം” ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്യാസത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാണ് യുവാക്കളെ ഈ ആശ്രമത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണമെന്ന് ആശ്രമ വൈദികരില്‍ ഒരാളായ ഫാ. അംബ്രോസ് ക്രിസ്റ്റെ ഇ.ഡബ്യു.ടി.എന്നിനോട് പറഞ്ഞു. 1121-ല്‍ ഫ്രാന്‍സില്‍ വിശുദ്ധ നോര്‍ബെര്‍ട്ട് സ്ഥാപിച്ച നോര്‍ബെര്‍ട്ടൈന്‍ സന്യാസ സമൂഹനിയമങ്ങളാണ് സെന്റ്‌ മൈക്കേല്‍സ് ആശ്രമം പിന്തുടരുന്നത്.

“ഞങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുന്നു; ഞങ്ങളുടെ സന്യാസവസ്ത്രം ധരിക്കുന്നു; ഞങ്ങളുടെ സന്യാസ സമൂഹത്തിന്റെ പാരമ്പര്യം അനുസരിച്ചാണ് ജീവിക്കുന്നത്, ഞങ്ങള്‍ സന്യാസ സമൂഹത്തിന്റെ പാരമ്പര്യത്തിലെ ഒരു കാര്യവും ഉപേക്ഷിച്ചിട്ടില്ല. അതുകൊണ്ടാണ് യുവജനങ്ങള്‍ ഇതിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നോര്‍ബെര്‍ട്ടൈന്‍ സമൂഹം ഇല്ലിനോയിസിലെ സ്പ്രിങ്ങ്ഫീല്‍ഡില്‍ പുതിയൊരു ആലയം സ്ഥാപിച്ചിരിന്നു. ഇന്ന് കാലിഫോര്‍ണിയയിലെ സെന്റ്‌ മൈക്കേല്‍സ് ആശ്രമത്തില്‍ എഴുപതോളം പേര്‍ താമസിക്കുന്നുണ്ട്''. ഫാ. അംബ്രോസ് കൂട്ടിച്ചേര്‍ത്തു.

ആത്മാക്കളുടെ രക്ഷയും അന്യദേശത്ത് വെളിച്ചത്തിന്റേയും, പ്രത്യാശയുടേയും വിളക്കുമാടമാകുവാനും ആശ്രമത്തിനു കഴിയുമെന്ന പ്രതീക്ഷയില്‍ പരിശുദ്ധാത്മാവിന്റെ സ്നേഹം കൊണ്ടും മനുഷ്യ ഹൃദയങ്ങളിലെ വിടവ് നികത്തുവാനും തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രിയോറായ ഫാ. ക്രിസോസ്റ്റം ബേയര്‍ പറഞ്ഞു. സന്യാസ സമൂഹത്തിന്റെ മാതൃ ആശ്രമമായ ക്സോര്‍നാ ഹംഗറിയിലാണ്. 1950-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ ഇവിടത്തെ കുറച്ച് വൈദികര്‍ തങ്ങളുടെ സമൂഹത്തെ നിലനിര്‍ത്തുന്നതിനായി ഹംഗറി വിടുകയായിരുന്നു.


Related Articles »