News - 2025

ബോംബുകള്‍ തുടര്‍ച്ചയായി വര്‍ഷിക്കപ്പെടുമ്പോഴും അഭയാര്‍ത്ഥികളെ സംരക്ഷിച്ച് സിറിയയിലെ കര്‍മ്മലീത്ത മഠം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ 08-08-2016 - Monday

ആലപ്പോ: സിറിയയിലെ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന തുടര്‍ച്ചയായ പോരാട്ടത്തിന്‍റെ വേദിയായ ആലപ്പോ നഗരത്തില്‍ ഭീതിയിലമര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് അഭയമായി കര്‍മ്മലീത്താ സന്യാസാശ്രമം. മഠത്തിനു സമീപം തന്നെ തയ്യാറാക്കിയ വലിയ കെട്ടിടത്തില്‍ അഭയാര്‍ത്ഥികളായ നിരവധി പേരെ കന്യാസ്ത്രീകള്‍ സുരക്ഷിതമായി താമസിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും മഠം നല്‍കുന്നു.

സിറിയയിലെ ജനങ്ങള്‍ ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് നീങ്ങുന്നതെന്നും ലോകജനത അവരെ സഹായിക്കുവാന്‍ മുന്നോട്ട് വരണമെന്നും സിസ്റ്റര്‍ ആനി ഫ്രാങ്കോയിസ് അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടന്ന ആക്രമണത്തില്‍ ആലപ്പോയിലെ ഒരു ക്രൈസ്തവ ദേവാലയം കൂടി തകര്‍ന്നിരുന്നു. മഠത്തിനു സമീപത്തെല്ലാം ബോംബുകള്‍ വന്നു പതിച്ചെങ്കിലും ദൈവകൃപയാല്‍ മഠം തകര്‍ന്നില്ലെന്നു സിസ്റ്റര്‍ ആനി മാധ്യമങ്ങളോട് പറഞ്ഞു.

'ബോംബുകള്‍ മഴപോലെ തങ്ങളുടെ മുകളിലേക്ക് വീഴുകയാണ്. ദൈവപരിപാലനയാല്‍ ജീവന്‍ നിലനിര്‍ത്തുന്നവരാണ് എല്ലാവരും. ഞങ്ങളോടൊപ്പം പാര്‍ക്കുന്ന അഭയാര്‍ത്ഥികളെ ഉപേക്ഷിച്ച് എവിടേയ്ക്കും പോകുവാന്‍ ഞങ്ങള്‍ തയ്യാറല്ല'. സിസ്റ്റര്‍ ആനി ഫ്രാങ്കോയിസ് പറയുന്നു.ആലപ്പോ നഗരത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ക്വാട്ടേഴ്‌സിനോട് ചേര്‍ന്നാണ് കര്‍മ്മലീത്ത മഠം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണ്ണമായും അസാധ്യമായ ഈ സാഹചര്യത്തില്‍ ദൈവീക ഇടപെടലുകള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കര്‍മ്മലീത്ത കന്യാസ്ത്രീമാര്‍ അപേക്ഷിക്കുന്നു.

ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു അലപ്പോ നഗരം. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് വെറും നാല്‍പതിനായിരത്തില്‍ താഴെ ക്രൈസ്തവ വിശ്വാസികള്‍ മാത്രമാണ്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യുവാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍, സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്‍പ്പെടുന്ന കുറച്ചു പേര്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ കൂടെ താമസിക്കുന്നതെന്നും സിസ്റ്റര്‍ ആനി കൂട്ടിച്ചേര്‍ത്തു. നാലു സിറിയക്കാരും ഫ്രാന്‍സില്‍ നിന്നുള്ള രണ്ടു പേരും അടങ്ങുന്ന കന്യാസ്ത്രീകളുടെ സംഘമാണ് അലപ്പോയിലെ കര്‍മ്മലീത്ത മഠത്തില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്.

കഴിഞ്ഞ മാസം മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്ക ആര്‍ച്ച് ബിഷപ്പായ ജിയാന്‍ ക്ലമെന്റ് ജിയാന്‍ബാര്‍ട്ട് സിറിയന്‍ വിഷയം ഗുരുതരമാണെന്ന് പ്രസ്താവന നടത്തിയിരിന്നു. "ക്രൈസ്തവ സഭയുടെ ആദ്യകാല ചരിത്രം ഉറങ്ങുന്ന ഭൂമിയാണ് സിറിയയും പരിസരത്തുള്ള മറ്റു രാജ്യങ്ങളും. ഇവിടെ നിന്നുള്ള ക്രൈസ്തവരുടെ പലായനം തങ്ങളുടെ ആത്മീയ, സാംസ്‌കാരിക വേരുകള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റുന്നതാണ്. ലോകത്തിന്റെ നാലു കോണുകളിലേക്കും പ്രശ്‌നങ്ങള്‍ മൂലം ഓടിപോകുന്നവര്‍ക്ക് സ്വന്തം അസ്ഥിത്വം നഷ്ടമാകുകയാണ്. നമ്മളുടെതല്ലാത്ത ഒരു രാജ്യത്ത് ഭീതിയോടെ അനുദിനം കഴിയേണ്ടിവരുന്നതു ഖേദകരമാണ്. പ്രശ്‌നങ്ങളെ ഭയന്ന് ഓടാതെ, സ്വന്തം രാജ്യത്ത് തന്നെ പിടിച്ചു നല്‍ക്കുവാന്‍ ശ്രമിക്കണം". ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുദ്ധവും തീവ്രവാദവും ആദിമ ക്രൈസ്തവരായ ഒരു ജനതയെ കൊടും പീഡനങ്ങളിലാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. സിറിയയിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ ഒട്ടുമിക്ക ലോകരാജ്യങ്ങളും പുറംതിരിഞ്ഞ് നില്‍ക്കുന്നതും തീവ്രവാദികള്‍ക്ക് സഹായകരമാകുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക