News

മെക്സിക്കോയിലെ കാന്‍സര്‍ ആശുപത്രിയില്‍ സ്ഥൈര്യലേപനം സ്വീകരിച്ച് 38 കുട്ടികള്‍

പ്രവാചകശബ്ദം 01-09-2023 - Friday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ ബാധിതരായ കുട്ടികള്‍ സ്ഥൈര്യലേപനം സ്വീകരിച്ച് വിശ്വാസ സ്ഥിരീകരണം നടത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25-ന് ടെലേട്ടോണ്‍ ചില്‍ഡ്രന്‍സ് ഓങ്കോളജി (എല്‍ ഹിറ്റോ) ആശുപത്രിയില്‍ കഴിയുന്ന 38 കുട്ടികളാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. യുരെട്ടാരിയോ രൂപത മെത്രാന്‍ മോണ്‍. ഫിഡെന്‍സിയോ ലോപ്പസ് പ്ലാസായുടെ ആശുപത്രി സന്ദര്‍ശനത്തിനിടെയായിരുന്നു ചടങ്ങ്. തിരുകര്‍മ്മങ്ങള്‍ക്ക് മെത്രാന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുട്ടികളും, കൗമാരക്കാരും അടങ്ങുന്ന സംഘം വേണ്ട ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ് വിശ്വാസ സ്ഥിരീകരണം നടത്തിയത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ചില കുട്ടികള്‍ ഐ‌സി‌യുവില്‍വെച്ചാണ് സ്ഥൈര്യലേപനം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനിടെ ബിഷപ്പ് കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിന്റെ സംരക്ഷണത്തിനായി ഭരമേല്‍പ്പിച്ചു. ലേപനത്താല്‍ അഭിഷിക്തരായതോടെ നമ്മള്‍ ക്രിസ്തുവിനു വേണ്ടിയുള്ളവരാണ് എന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹമാകുന്ന ഭാഷ വഴി ദൈവത്തിന്റെ വലതുകരത്തിലെ വിരലാകുന്ന പരിശുദ്ധാത്മാവ് ദൈവത്തിലേക്ക് നയിക്കുന്ന പാതയിലൂടെ നമ്മളെ നയിക്കുന്നതിനായി നമ്മുടെ നെറ്റിയിലും, കൈകളിലും വിശുദ്ധ തൈലം പുരട്ടുന്നുവെന്നും മെത്രാന്‍ പറഞ്ഞു.

ചടങ്ങിനു മുന്‍പായി മെത്രാനും അദ്ദേഹത്തെ അനുഗമിച്ചിരുന്ന വൈദികരും ചികിത്സയില്‍ കഴിയുന്ന മറ്റ് രോഗികള്‍ക്ക് രോഗീലേപനം നല്‍കുകയും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മെക്സിക്കോയില്‍ ഓരോ വര്‍ഷവും 18 വയസ്സിനു താഴെയുള്ള ഏതാണ്ട് അയ്യായിരത്തിനും ആറായിരത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്ത് കാന്‍സര്‍ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ആശുപത്രികളില്‍ ഒന്നാണ് എല്‍ ഹിറ്റോ.


Related Articles »