India

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച 'ശരീരത്തിന്റെ ദൈവശാസ്ത്രം': യുവജനങ്ങള്‍ക്കായി പാലക്കാട് ത്രിദിന കോണ്‍ഫറന്‍സ്

പ്രവാചകശബ്ദം 02-09-2023 - Saturday

പാലക്കാട്: മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ധാര്‍മ്മിക വിഷയങ്ങളെ കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകളെ തിരിച്ചറിയുവാന്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച ''ശരീരത്തിന്റെ ദൈവശാസ്ത്രം'' വിഷയത്തില്‍ പാലക്കാട് കോണ്‍ഫറന്‍സ് ഒരുങ്ങുന്നു. പാലക്കാട് രൂപത കെസിവൈഎമ്മിന്റെയും ജീസസ് യൂത്തിന്റെയും ടിഒബി ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് 'കാദോഷ്' എന്ന പേരിൽ ത്രിദിന കോൺഫറൻസ്. പാലക്കാട് രൂപതയുടെ കീഴിലുള്ള മുണ്ടൂർ യുവക്ഷേത്ര കോളേജിൽ സെപ്റ്റംബർ 21 വൈകീട്ട് ആറുമണിയ്ക്കു ആരംഭിക്കുന്ന കോൺഫറൻസ് സെപ്റ്റംബർ 24 വൈകീട്ട് 4 മണിയ്ക്കു സമാപിക്കും. പ്രധാനമായും 18 വയസ്സിന് മുകളിലുള്ള യുവജനങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഫറന്‍സ് നടക്കുക. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

ഞാൻ ആരാണ്? ദൈവം ആരാണ്? എന്തിനു ദൈവത്തിൽ വിശ്വസിക്കണം? ദൈവം എന്തിന് എന്നെ ആണായി, പെണ്ണായി സൃഷ്ടിച്ചു? എന്താണ് സെക്സ്, ജെൻഡർ? എന്താണ് ജെൻഡർ ഐഡന്റിറ്റി ക്രൈസിസ്? എന്താണ് വിവാഹം? എൻറെ ജീവിതത്തിൻറെ അർത്ഥം എന്താണ്? തുടങ്ങീ അനേകം വിഷയങ്ങളില്‍ വ്യക്തമായ ഉത്തരവുമായാണ് കോണ്‍ഫറന്‍സ്.

1979 മുതൽ 1984 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എല്ലാ ബുധനാഴ്ചകളിലും പൊതു ദർശനവേളയിൽ നടത്തിയിരുന്ന പ്രബോധനങ്ങളുടെ സംഗ്രഹമാണ് ശരീരത്തിന്റെ ദൈവശാസ്ത്രം അഥവാ Theology of the Body. 129 പ്രബോധനങ്ങളിൽ 14 എണ്ണം ധാർമിക കാര്യങ്ങളെക്കുറിച്ചും 115 എണ്ണം എന്തുകൊണ്ട് ഇങ്ങനെ (WHYs of WHATs) എന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു. ശരീരത്തിൻറെ രഹസ്യത്തെ മനസ്സിലാക്കുന്ന വിശുദ്ധ ഗ്രന്ഥാധിഷ്ഠിത പഠനങ്ങളിലേക്ക് ഉള്ള യാത്രയാണിതെന്നതും ശ്രദ്ധേയമാണ്.

പരിശുദ്ധാത്മാവിന്റെ വിളി സ്വീകരിച്ചു കത്തോലിക്ക സഭാപിതാക്കന്മാരുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന TOB FOR LIFE സ്ഥാപകനും പ്രസിഡന്റും ശരീരത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പ്രമുഖ അന്താരാഷ്ട്ര പ്രഭാഷകനുമായ ബാബു ജോണാണ് കോണ്‍ഫറന്‍സ് നയിക്കുക. സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കി കാണാനുള്ള പുതിയ ഉൾക്കാഴ്ച പകരുന്ന കോണ്‍ഫറന്‍സിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

Registration Link: ‍

https://forms.gle/126S6kjuStp5yTMX7 ‍

Call or WhatsApp ‍

Joseph K Lazar - 8138846991,

Bibin Kurien - 8281520152.

More Archives >>

Page 1 of 546