News
ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുത്, നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല: ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 05-09-2023 - Tuesday
വത്തിക്കാന്‍ സിറ്റി: സാമ്പത്തിക പ്രതിഫലനത്തെ കുറിച്ചോ വ്യക്തിപരമായ നേട്ടത്തെ കുറിച്ചോ ചിന്ത കൊണ്ടല്ല മറിച്ച് അവരുടെ അയൽക്കാരോടുള്ള ശുദ്ധമായ സ്നേഹം കൊണ്ടാണ് സന്നദ്ധപ്രവർത്തകർ അവരുടെ സേവനം തുടരേണ്ടതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമാക്കി മാറ്റരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മംഗോളിയയില്‍ ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കാരുണ്യത്തിന്റെ ഭവനം" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. സേവനത്തിൽ തങ്ങളുടെ സമയവും പ്രയത്നവും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്വയം ത്യജിക്കുന്നവർ, ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നും പകരം വലിയ നിധിയായി തീരുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സമ്പന്നർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഏർപ്പെടാൻ കഴിയുവെന്നത് മിഥ്യാധാരണയാണ്. നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല. മറിച്ച് മിക്കവാറും എല്ലായിപ്പോഴും എളിമയുള്ള ആളുകളാണ് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി തങ്ങളുടെ സമയവും കഴിവുകളും ഔദാര്യവും ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നത്. സാമൂഹിക ഉന്നമന പ്രവർത്തനങ്ങളോടുള്ള വലിയ പ്രതിബദ്ധതയുടെ പേരിൽ ലോകമെമ്പാടും കത്തോലിക്ക സഭ മറ്റുള്ളവരെ പരിപാലിക്കുന്നത് മതപരിവർത്തനത്തിനായിട്ടാണ് എന്ന മിഥ്യാധാരണ നീക്കം ചെയ്യേണ്ടതുണ്ട്.
ദരിദ്രരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ക്രൈസ്തവർ കഴിയുന്നതെല്ലാം ചെയ്യുന്നു. കാരണം ദരിദ്രനായ ഒരു വ്യക്തിയിൽ അവർ ദൈവപുത്രനായ യേശുവിനെ കാണുകയും അംഗീകരിക്കുകയും അവനിൽ ദൈവത്തിന്റെ പുത്രനോ പുത്രിയോ ആകാൻ വിളിക്കപ്പെട്ട ഓരോ വ്യക്തിയുടെയും അന്തസ്സ് തിരിച്ചറിയുകയുമാണെന്നും പാപ്പ പറഞ്ഞു. ആരംഭം മുതൽ സഭ ഈ ക്രിസ്തുമൊഴികളെ ഗൗരവമായി സ്വീകരിക്കുകയും ഉപവി പ്രവർത്തനങ്ങളെ സഭാ സ്വത്വത്തിന്റെ അടിസ്ഥാന ഘടകമായി സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാക്കുകയും ചെയ്തു. കൂട്ടായ്മ, ആരാധനാക്രമം, സേവനം, സാക്ഷ്യം എന്നീ നാല് തൂണുകളിൽ ഉറച്ചു നിൽക്കുന്ന ഒരു സഭ പണിതുയർത്തപ്പെട്ടിരിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.