News
കുട്ടികളെ സ്വാധീനിക്കാന്‍ വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ ജീവിതം അനിമേറ്റഡ് സിനിമ രൂപത്തില്‍ തിയേറ്ററുകളിലേക്ക്
പ്രവാചകശബ്ദം 06-09-2023 - Wednesday
മെക്സിക്കോ സിറ്റി: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസികളുടെ തടങ്കല്‍പ്പാളയത്തില്‍വെച്ച് അപരന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പോളിഷ് വൈദികനായ വിശുദ്ധ മാക്സിമില്യണ്‍ മരിയ കോള്‍ബെയുടെ ജീവിതക്കഥ പറയുന്ന അനിമേറ്റഡ് സിനിമ ‘മാക്സ്’ ഒക്ടോബര്‍ 12-ന് തീയേറ്ററുകളിലേക്ക്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തില്‍ മികച്ച അവതരണത്തിലൂടെയും, ചിത്രീകരണത്തിലൂടെയും സുവിശേഷ സത്യത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ വൈദഗ്ദ്യം നേടിയ നിര്‍മ്മാണ കമ്പനിയായ ‘ഡോസ് കോറാസോണ്‍സ് പ്രൊഡക്ഷന്‍ ഹൗസ്’ ആണ് സിനിമ ഒരുക്കുന്നത്. സാധാരണ ഫോര്‍മാറ്റിലും, ത്രീഡി ഫോര്‍മാറ്റിലും ഈ സിനിമ തീയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കോപിയായ ഗുണ്ടര്‍ എന്ന്‍ പേരുള്ള പ്രായമായ മനുഷ്യനും, ആരേയും കൂസാക്കാത്ത ഡിജെ എന്ന കൗമാരക്കാരന്റെയും സുഹൃദ്ബന്ധത്തില്‍ നിന്നുമാണ് കഥയുടെ ചുരുളഴിയുന്നത്. നാസി തടങ്കല്‍പ്പാളയത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവന് പകരം തന്റെ ജീവന്‍ നല്‍കുവാന്‍ തയ്യാറായ വിശുദ്ധ മാക്സിമില്യണിന്റെ പരിധിയില്ലാത്ത സ്നേഹത്തേ കേന്ദ്രമാക്കി ഗുണ്ടര്‍ കൗമാരക്കാരന് ജീവിത പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് കഥ പുരോഗമിക്കുന്നത്.
കത്തോലിക്ക പ്രമേയാധിഷ്ഠിത സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധനായ മെക്സിക്കന്‍ നിര്‍മ്മാതാവും, ‘ക്രിസ്റ്റിയാഡ’, ‘എല്‍ ഗ്രാന്‍ മിലാഗ്രോ’, ‘ഗ്വാഡലൂപെ ആന്‍ഡ് കരോള്‍’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവുമായ പാബ്ലോ ജോസ് ബാരോസൊ പോലെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 12 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ശ്രമങ്ങളുടെ ഫലമാണ് ‘മാക്സ്’. ഹെര്‍ക്കൂലീസ്, പോക്കാഹോണ്ടാസ് പോലെയുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രൂസ് മോറിസാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്‍ക്ക് മക്കെന്‍സി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയുടെ റെക്കോര്‍ഡിംഗ് പ്രസിദ്ധമായ ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ‘ദി ബീറ്റില്‍സ്’ റെക്കോര്‍ഡിംഗിന് വേദിയായ അബ്ബി റോഡ് സ്റ്റുഡിയോയിലാണ് നടത്തിയത്.