News
യുദ്ധകെടുതികള്‍ക്കിടയില്‍ വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ ആഗമന കാലത്തിലേക്ക് പ്രവേശിച്ചു
പ്രവാചകശബ്ദം 03-12-2024 - Tuesday
ബെത്ലഹേം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപിറവി തിരുനാളിനായി തയാറെടുക്കുമ്പോള്‍ ഒരുക്കങ്ങളുമായി വിശുദ്ധ നാട്ടിലെ ക്രൈസ്തവരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ആഗമന കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പിന്തുടരുന്ന പാരമ്പര്യമനുസരിച്ച് നവംബര്‍ 30ന് വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ നേതൃത്വത്തിലാണ് ബെത്ലഹേമിലെ ക്രൈസ്തവ സമൂഹം ആഗമനകാലത്തിന് തുടക്കം കുറിച്ചത്.
തിരുപ്പിറവി പള്ളിയുടെ ലാറ്റിന്‍ സമുച്ചയത്തിലുള്ള സെന്റ് കാതറിന്‍ ദേവാലയത്തില്‍വെച്ചാണ് പുതിയ ആരാധനാക്രമ കാലത്തിന് തുടക്കം കുറിച്ചത്. തിരുപ്പിറവി ദേവാലയത്തിലെ കാലിത്തൊഴുത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന മെഴുകുതിരി ഫാ. ഫ്രാന്‍സെസ്കോ തെളിച്ചു. പുല്‍ക്കൂട്ടില്‍ മാലാഖമാര്‍ പാടുകയും, നക്ഷത്രം രാത്രിയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ ആഘോഷത്തില്‍ തീര്‍ച്ചയായും പ്രത്യാശയുടെ പ്രകടമായ അടയാളങ്ങള്‍ ഉണ്ടായിരിക്കുമെന്നു ഫാ. ഫ്രാന്‍സെസ്കോ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിരുകുടുംബം സഞ്ചരിച്ച നക്ഷത്ര പാതയിലൂടെ തിരുപ്പിറവി ദേവാലയത്തിലേക്ക് പ്രദിക്ഷിണവും നടന്നു. “ഗാസയിലും ബെയ്റൂട്ടിലും സമാധാനം, സമാധാനപരമായ പരിഹാരങ്ങളാണ് എപ്പോഴും നല്ലത്, സമാധാനത്തിന്റെ തൊട്ടിലില്‍ നിന്നും മുറിവേറ്റ ലെബനോന് സമാധാനം, നമുക്കൊരുമിച്ച് മാറ്റം കൊണ്ടുവരാം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് കുഞ്ഞുങ്ങള്‍ പ്രദിക്ഷണത്തില്‍ പങ്കെടുത്തത്. നോമ്പ് കാലത്തെ ആദ്യ ഞായറായ ഡിസംബര്‍ 1-ന് സെന്റ് കാതറിന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.
ജെറുസലേം നേരിട്ട് യുദ്ധത്തില്‍ ഇല്ലെങ്കിലും യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളും, കുടിയേറ്റ പ്രശ്നങ്ങളും, ഇസ്രായേല്‍ ആക്രമണങ്ങളെയും തുടര്‍ന്നു ജനങ്ങള്‍ ദുരിതത്തിലാണ്. “യുദ്ധം ഇവിടേക്കും വ്യാപിക്കുമോ എന്ന ഭീതിയിലാണ് തങ്ങള്‍” എന്നാണ് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞത്. നക്ഷത്രം, പുല്‍ക്കൂട് തുടങ്ങിയവ തയാറാക്കി ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ വിവിധ സഭാധികാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ആഘോഷത്തോടുള്ള താല്‍പര്യം ആളുകളില്‍ പ്രകടമല്ല. സിറിയയിലും ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 1 ഞായറാഴ്ച ആലപ്പോയിലെ ടെറാ സാന്താ കോളേജിലെ ഫ്രാന്‍സിസ്കന്‍ കെട്ടിടത്തില്‍ ബോംബ് പതിച്ചിരുന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟