News - 2024
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
പ്രവാചകശബ്ദം 07-09-2023 - Thursday
അലഹബാദ്: ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതും മൂല്യങ്ങൾ പകർന്നു നൽകുന്നതും കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും മതപരിവർത്തനത്തിന് പ്രേരണ നൽകുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഷമീം അഹമദിന്റേതാണ് വിധി.
മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ ജോസ് പാപ്പച്ചൻ, ഷീജ തുടങ്ങിയവർക്ക് ജാമ്യം അനുവദിക്കരുതെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാള്‍ക്ക് ബൈബിൾ നൽകുന്നതോ, നല്ല മൂല്യങ്ങൾ പകര്‍ന്നു കൊടുക്കുന്നതോ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവർത്തനമായി കണക്കാക്കാനാകില്ലായെന്നും മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ടയാൾക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നൽകാൻ സാധിക്കുകയുള്ളൂവെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
പരാതി നല്‍കിയിരിക്കുന്ന വ്യക്തി മതപരിവർത്തനത്തിന് വിധേയനായ വ്യക്തിയല്ലായെന്ന് നിരീക്ഷിച്ച കോടതി, പാപ്പച്ചനും ഷീജയും തെറ്റായ സ്വാധീനം ചെലുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറ്റിയെന്ന ആരോപണത്തില്‍ യാതൊരു വസ്തുതയും ഇല്ലെന്നും ചൂണ്ടിക്കാട്ടി. മറിച്ച് കുട്ടികൾക്ക് നല്ല പഠിപ്പിക്കലുകൾ നൽകുന്നതിനും ഗ്രാമീണർക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ വിവിധ കാര്യങ്ങളില്‍ ഏർപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നിർദ്ദേശിക്കുന്ന ഒരു വസ്തുതയും കേസിൽ നിലവിലില്ലായെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നു ആരോപിച്ച് നിരവധി കള്ളക്കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ള സംഘപരിവാറിന് വന്‍ തിരിച്ചടിയാണ് കോടതിയുടെ ഈ പ്രസ്താവന.