India - 2024

മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികം 20, 21 തീയതികളിൽ

പ്രവാചകശബ്ദം 17-09-2023 - Sunday

മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികവും സഭാ സംഗമവും 20, 21 തീയതികളിൽ മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ നടക്കും. വാഴപ്പള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം മാർ ഈവാനിയോസ് നഗറിലാണ് സഭാ സംഗമം നടക്കുകയെന്നു രൂപതാധ്യക്ഷനും ആഘോഷ കമ്മിറ്റി ചെയർമാനുമായ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് അറിയിച്ചു. 20ന് ഉച്ചകഴിഞ്ഞു മൂന്നിന് മൂവാറ്റുപുഴ രൂപതയിലെ വിരമിക്കുന്ന വൈദികർ ക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും.

എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പുനരൈക്യ ദീപശിഖയ്ക്ക് 5.30ന് കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്കാ ബാവാ സ്വീകരണം നൽകും. ഫാ. ബിനോയി കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന. സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസിന്റെ പ്രത്യേക യോഗവും നടക്കും. 21ന് രാവിലെ എട്ടിന് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ, കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വചനസന്ദേശം നൽകും. കാതോലിക്കാ ബാവാ പുനരൈക്യ സന്ദേശം നൽകും.

ഖസാക്കിസ്ഥാന്റെ അപ്പസ്തോലിക് നൻഷ്യോ ആർച്ച് ബിഷപ്പ് ജോർജ് പനംതുണ്ടിലിനെ ഭദ്രാസനം ആദരിക്കും. സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എംസിവൈഎം ആഗോള യുവജന സമ്മേളനം നടക്കും. പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാർ ഇവാനിയോസ് നഗറിൽ എംസിഎയുടെ ആഗോള അല്മായ സംഗമത്തിൽ പ്രസിഡന്റ് ഏബ്രഹാം എം. പട്യാനി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ മു ഖ്യപ്രഭാഷണം നടത്തും.

വിദ്യാർഥികൾക്കുള്ള കെഎംആർഎമ്മിന്റെ വിദ്യാശ്രീ പുരസ്കാരവിതരണം ബിഷപ്പ് ഡോ.യുഹാനോൻ മാർ തെയോഡോഷ്യ സ് നിർവഹിക്കും. എംസിസിഎൽ സമ്മേളനം വിശുദ്ധ ഷാർബേലിന്റെ ചാപ്പലിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർ ഇവാനിയോസ് നഗറിൽ സുവിശേഷ സംഘ പ്രാർഥനാ ശുശ്രൂഷയും വിശുദ്ധ കുർബാനയുടെ ആരാധനയും ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസിന്റെ നേതൃത്വത്തിൽ നടത്തും.

More Archives >>

Page 1 of 548