News - 2024

അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ കുടിയേറ്റ വാരാഘോഷം നാളെ മുതല്‍

പ്രവാചകശബ്ദം 17-09-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: ഒരാള്‍ക്ക് സ്വന്തം രാജ്യത്ത് തുടരുവാനുള്ള അവകാശത്തെ പ്രമേയമാക്കിക്കൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ കുടിയേറ്റ വാരത്തിന്റെ ഒരാഴ്ച നീണ്ട ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെയാണ് ദേശീയ കുടിയേറ്റ വാരാഘോഷം. സഹസ്രാബ്ദങ്ങളായി സുരക്ഷയും സുരക്ഷിതത്വവും തേടി ആയിരങ്ങള്‍ തങ്ങളുടെ ജന്മദേശം വിട്ട് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നുവെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കുടിയേറ്റ സമിതിയുടെ ചെയര്‍മാനും എല്‍ പാസോ മെത്രാനുമായ മാര്‍ക്ക് ജെ. സെയിറ്റ്സ് കുടിയേറ്റ വാരാഘോഷത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.

ഹേറോദേസ് രാജാവ് കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധ യൗസേപ്പിതാവും, മാതാവും, ഉണ്ണീശോയും അടങ്ങുന്ന തിരുകുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്തതിനെ അനുസ്മരിച്ച മെത്രാന്‍, തിരുകുടുംബത്തിന്റെ പലായനവും, ഇസ്രായേലിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മറ്റ് പലായനങ്ങളും സ്വതന്ത്രമായ ഇഷ്ടം കൊണ്ട് നടന്നതല്ലെന്നു മെത്രാന്‍ ചൂണ്ടിക്കാട്ടി. നിര്‍ബന്ധിത പലായനത്തിനും, കുടിയേറ്റത്തിനും ഇരയായവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുവാന്‍ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുകയാണ് ദേശീയ കുടിയേറ്റ വാരാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതുതായി വരുന്നവരെ സമൂഹത്തിലേക്ക് ഉള്‍കൊള്ളിക്കുവാനും, വിശ്വാസികള്‍ അവരെ സ്വാഗതം ചെയ്യുവാനും വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

തങ്ങളുടെ ജീവിതം വേരോടെ പിഴുതുമാറ്റി പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരെ സഹായിക്കുവാന്‍ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം വഴി നമ്മള്‍ കടപ്പെട്ടിരിക്കുകയാണ്. പലായനത്തിനും കുടിയേറ്റത്തിനും ആളുകളെ നിര്‍ബന്ധിതരാക്കുന്ന തിന്മയുടെ ശക്തികളെ തടയേണ്ടതുമുണ്ട്. പലായനത്തിന്റെ നിര്‍ബന്ധിതരാക്കുന്ന ശ്കതികളെ തടയുവാനും, സ്വന്തം ജന്മദേശത്ത് തുടരുവാനുള്ള ആളുകളുടെ അവകാശം സംരക്ഷിക്കുവാനും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും മെത്രാന്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അറിയിച്ചതനുസരിച്ച് “കുടിയേറണമോ, തുടരണമോ എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം” എന്നതാണ് ഇക്കൊല്ലത്തെ ലോക കുടിയേറ്റ അഭയാര്‍ത്ഥി ദിനത്തിന്റെ പ്രമേയം. കുടിയേറണമോ എന്ന തീരുമാനം എപ്പോഴും സ്വാതന്ത്ര്യത്തോടെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. സംഘര്‍ഷങ്ങളും, പ്രകൃതി ദുരന്തങ്ങളും, ദാരിദ്ര്യവും, ഭയവും ദശലക്ഷകണക്കിന് ആളുകളെ സ്വന്തം രാജ്യത്ത് നിന്നും പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്നു. ഇത്തരം ഘടകങ്ങളെ തടയുവാന്‍ കഴിഞ്ഞാല്‍ നിര്‍ബന്ധിത പലായനം ഇല്ലാതാക്കുവാന്‍ കഴിയും. ഇതിനു കൂട്ടായ ശ്രമമാണ് വേണ്ടതെന്നും പാപ്പ നേരത്തെ പ്രസ്താവിച്ചിരിന്നു.


Related Articles »