News
കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ധര്‍ണ്ണയും
പ്രവാചകശബ്ദം 29-03-2025 - Saturday
ടെക്സാസ്: ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഭരണകൂടം യുഎസ് കുടിയേറ്റ നയത്തിൽ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ ഭാഗമായി കൂട്ട നാടുകടത്തലുകളും അഭയാര്‍ത്ഥി നിരോധനങ്ങളും ശക്തമാക്കിയതിനുമെതിരെ അമേരിക്കന്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ. കുടിയേറ്റത്തിനായുള്ള യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മിറ്റിയുടെ അധ്യക്ഷനും ടെക്സാസിലെ എൽ പാസോ രൂപതാധ്യക്ഷനുമായ ബിഷപ്പ് മാർക്ക് ജെ. സീറ്റ്സിന്റെ ആഭിമുഖ്യത്തിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ധര്‍ണ്ണ നടന്നത്. സമൂഹത്തെയും മനുഷ്യാന്തസ്സിനെയും നശിപ്പിക്കുന്നതിനൊപ്പം ദരിദ്രർക്കെതിരായ യുദ്ധമായി പുതിയ നയം മാറിയെന്ന് ബിഷപ്പ് മാർക്ക് ജെ. സീറ്റ്സ് പറഞ്ഞു.
മാർച്ച് 24 ന് എൽ പാസോയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തില്‍ ജാഗരണ പ്രാർത്ഥനയും ഇതിന്റെ ഭാഗമായി നടന്നു. സമഗ്ര മാനവികവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെ ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായ കർദ്ദിനാൾ ഫാബിയോ ബാഗിയോയും ജാഗരണ പ്രാര്‍ത്ഥനയിലും റാലിയിലും പങ്കുചേര്‍ന്നു. "അക്വി എസ്റ്റാമോസ്: കുടിയേറ്റക്കാർക്കൊപ്പം നിൽക്കാൻ മാർച്ച് & വിജിൽ" എന്ന പേര് നല്‍കിയ പരിപാടിയിൽ കുടിയേറ്റ വക്താക്കൾ, കത്തോലിക്ക സഭയില്‍ നിന്നും മറ്റ് ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുമുള്ള വൈദികര്‍, സന്യസ്തര്‍, വിശ്വാസികൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സാൻ അന്റോണിയോയിലെ ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലർ, ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലെ ആർച്ച് ബിഷപ്പ് ജോൺ സി. വെസ്റ്റർ, ലാസ് ക്രൂസസിലെ ബിഷപ്പ് പീറ്റർ ബാൽഡാച്ചിനോ, കെന്റക്കിയിലെ ലെക്സിംഗ്ടണിലെ ബിഷപ്പ് ജോൺ സ്റ്റോ, ക്യൂബെക്കിലെ വാലിഫീൽഡിലെ ബിഷപ്പ് നോയൽ സിമാർഡ് എന്നിവരുൾപ്പെടെ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള കത്തോലിക്ക മെത്രാന്മാരും പരിപാടിയില്‍ ഭാഗഭാക്കായിരിന്നു. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ മുതല്‍ വിശ്വാസപരമായ വിഷയങ്ങളിലും പ്രോലൈഫ് സംബന്ധമായ കാര്യങ്ങളിലും എടുത്ത തീരുമാനങ്ങള്‍ക്ക് ക്രൈസ്തവ സഭാനേതൃത്വത്തിന് ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരിന്നുവെങ്കിലും അഭയാര്‍ത്ഥി നയത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരിന്നു.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
