News - 2024

ഇറാഖില്‍ അഭയാര്‍ത്ഥികളായ മൂന്നു ഡീക്കന്‍മാര്‍ നവവൈദികരായി അഭിഷേകം ചെയ്തു

സ്വന്തം ലേഖകന്‍ 10-08-2016 - Wednesday

ഇര്‍ബില്‍: ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ഇറാഖി ക്രൈസ്തവ സമൂഹത്തിന് അതിജീവനത്തിന്റെ പുത്തന്‍ പ്രതീക്ഷകളേകി മൂന്നു ഡീക്കന്‍ന്മാര്‍ നവവൈദികരായി അഭിഷേകം ചെയ്തു. ഇര്‍ബിലിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് ഇറാഖിലെ സഭയ്ക്ക് മൂന്നു പുതിയ പുരോഹിതരെ കൂടി ദൈവം നല്‍കിയത്. റോമി സലീം മോമിക്ക, പെട്രോസ്, എമാഡ് എന്നീ ഡീക്കന്‍മാരാണ് വൈദികരായി അഭിഷിക്തരായത്.

അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന തിരുപട്ട ശുശ്രൂഷകള്‍ക്ക് ഇറഖ് സിറിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് യുഹാനോ പെട്രോസ് മോശേ മുഖ്യകാര്‍മികത്വം വഹിച്ചു. ക്വാര്‍ക്വോഷ് എന്ന ക്രൈസ്തവ പട്ടണത്തില്‍ നിന്നും പലായനം ചെയ്തവര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഇര്‍ബിലിലെ എയ്‌സ്തി രണ്ടാം നമ്പര്‍ ക്യാമ്പിലാണ് ചടങ്ങുകള്‍ നടന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഐഎസ് തങ്ങളുടെ പട്ടണങ്ങള്‍ പിടിച്ചെടുത്തതെന്ന് നവവൈദികനായ റോമി സലീം മോമിക്ക പ്രസംഗത്തില്‍ സ്മരിച്ചു.

"രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ദിനം എല്ലാം നഷ്ടപ്പെട്ട് സ്വന്തം രാജ്യത്ത് ഞങ്ങള്‍ അഭയാര്‍ത്ഥികളായി മാറി. എന്നാല്‍ ദൈവത്തിന്റെ വലിയ കൃപ മൂലം വീടുകള്‍ വിട്ട് ഇറങ്ങേണ്ടി വന്നതിന്റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ, ഞങ്ങള്‍ മൂന്നു പേര്‍ക്കും വൈദികരാകുവാന്‍ സാധിച്ചു. തീവ്രമായ പ്രശ്‌നങ്ങള്‍ക്കു നടുവിലും അതിജീവനത്തിന്റെ മാര്‍ഗങ്ങള്‍ ഞങ്ങളുടെ മുന്നില്‍ തുറന്നു തന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നു". ഫാദര്‍ റോമി സലീം മോമിക്ക പറയുന്നു.

എയ്‌സ്തി രണ്ടാം നമ്പര്‍ ക്യാമ്പില്‍ ആറായിരത്തോളം അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. തിരുപട്ട ശുശ്രൂഷകള്‍ കാണുവാന്‍ വൈദികരുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. 800 പേര്‍ക്ക് ഇരിക്കുവാന്‍ സാധിക്കുന്ന ക്യാമ്പിലെ ചെറു ദേവാലയത്തില്‍ തിരുപട്ട ശുശ്രൂഷകളില്‍ പങ്കാളികളാകുവാന്‍ 1500-ല്‍ അധികം പേര്‍ എത്തിയിരുന്നു. പുതിയതായി അഭിഷിക്തരായ മൂന്നു വൈദികരും ക്വാര്‍ക്വോഷ് പട്ടണത്തില്‍ നിന്നും ഐഎസ് തീവ്രവാദികളെ ഭയന്ന് പലായനം ചെയ്തവരാണ്.

2014 വരെ ഇവര്‍ ക്വാര്‍ക്വോഷിലുള്ള സെമിനാരിയിലാണ് പഠനം നടത്തിയിരുന്നത്. എന്നാല്‍, ഐഎസ് ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ ലബനോനിലെ ഹരീസായിലുള്ള അല്‍-ഷര്‍ഫാ സെമിനാരിയിലേക്ക് മാറിയിരിന്നു. അവിടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇറാഖിലേക്ക് മടങ്ങുകയായിരുന്നു.

പുതിയതായി അഭിഷിക്തരായ തങ്ങള്‍ക്ക് ഇറാഖിന്റെ ഏതു ഭാഗത്തും കടന്നു ചെന്ന് സുവിശേഷം അറിയിക്കുവാന്‍ ഭയമില്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. പീഡനങ്ങളുടെ നടുവിലും ഇറാഖിന് ലഭിച്ചിരിക്കുന്ന ഈ മൂന്നു വൈദികരും ദൈവജനത്തിന് നല്‍കുന്ന സന്ദേശം അതിജീവനത്തിന്റേതാണ്. പുതിയ പ്രതീക്ഷയോടും വിശ്വാസ തീഷ്ണതയോടും കൂടി പിറന്ന മണ്ണില്‍ തന്നെ നിലനില്‍ക്കുവാന്‍ കഴിയും എന്ന ധൈര്യവും സന്ദേശവും ഇവര്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »