News - 2025
വിവാഹമോചനം : ഫ്രാൻസിസ് മാർപാപ്പായുടെ പുതിയ നിയമഭേദഗതികളും, വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങളും
അഗസ്റ്റസ് സേവ്യർ 10-09-2015 - Thursday
വിവാഹബന്ധം വേർപെടുത്തുന്നതിന്റെ നടപടി ക്രമങ്ങളിൽ രണ്ട് ഭേദഗതികൾ നിർദ്ദേശിച്ചു കൊണ്ട് സെപ്തംബർ 8- ന് വത്തിക്കാൻ വിജ്ഞാപനമിറക്കി. ഈ നടപടി ക്രമങ്ങളും കത്തോലിക്കാ സഭയുടെ വിവാഹമോചനത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളും ഓരോ വിശ്വാസിയും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്.
വിവാഹ മോചനം സഭയുടെ കാഴ്ചപ്പാടിൽ :-
മാമ്മോദീസ സ്വീകരിച്ചവർ തമ്മിലുള്ള സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേർപെടുത്താനാവില്ല എന്ന് സഭ എല്ലാ കാലവും പഠിപ്പിക്കുന്നു; കാരണം വിവാഹബന്ധം വേർപിരിയാത്തതായി ആദിമമായ ഉദ്ദേശ്യം കർത്താവായ യേശു ആവർത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തിൽ കടന്നുകൂടിയ വിട്ടുവീഴ്ചകൾ അവിടന്നു നീക്കംചെയ്തു. (Catechism of the Catholic Church 2382)
വിവാഹമോചനം പ്രകൃതിനിയമത്തിനെതിരെയുള്ള ഗൗരവപൂർണ്ണമായ ഒരു തെറ്റാണ്. മരണം വരെ ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്നു ദമ്പതികൾ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. പുതിയൊരു ബന്ധം സ്ഥാപിക്കുന്നത്, സിവിൽനിയമം അംഗീകരിച്ചാലും, പിളർപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു (CCC 2384)
കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതുകൊണ്ടു കൂടി വിവാഹമോചനം അധാർമ്മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങൾ വരുത്തുന്നു:- പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്റെ ആഘാതമേൽക്കുന്നു; കുട്ടികൾക്ക് മാതാപിതാക്കൾ വേർപെടുന്നതും ചിലപ്പോൾ അവർ തമ്മിലുള്ള തർക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തിൽ മുറിവേൽക്കുന്നു; സാംക്രമിക സ്വഭാവമുള്ളതിനാൽ സമൂഹത്തിന് അത് യഥാർഥ വ്യാധിയായിത്തീരുന്നു. (CCC 2385)
പല സ്ഥലങ്ങളിലും സിവിൽ കോടതിവഴി വിവാഹമോചനം നേടി സിവിൽനിയമമനുസരിച്ചു പുതിയ വിവാഹ ബന്ധത്തിലേർപ്പെടുന്ന ധാരാളം കത്തോലിക്കരുണ്ട്. "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവിഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു". എന്ന യേശുക്രിസ്തുവിന്റെ വാക്കുകളെ മുറുകെപ്പിടിച്ചു സഭ, ആദ്യവിവാഹം സാധുവായിരുന്നെങ്കിൽ, പുതിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. സിവിൽ നിയമപ്രകാരം വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവർ ദൈവനിയമത്തിനു വിരുദ്ധമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു . ഈ സ്ഥിതി തുടരുന്നിടത്തോളം കാലം അവർ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ പാടില്ല. അതേ കാരണത്താൽ അവർക്ക് സഭാത്മകമായ ചില ഉത്തരവാദിത്വങ്ങൾ വഹിക്കാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിസ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂർണ്ണ വിരക്തിയിൽ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവർക്കേ അനുതാപകൂദാശയിലൂടെ അനുരഞ്ജനം നൽകാൻ പാടുള്ളൂ. (CCC 1650)
എങ്കിൽ പിന്നെ എങ്ങനെയാണു സഭയിൽ വിവാഹ മോചനം അനുവദിക്കുന്നത്?
മുകളിൽ പ്രസ്താവിച്ച പ്രകാരം സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ യാതൊരു കാരണത്താലും വേർപെടുത്താൻ സഭക്ക് അധികാരമില്ല. പ്രകൃതിനിയമത്തിനും സഭാനിയമത്തിനും വിരുദ്ധമായി നടത്തപ്പെടുന്നതും ദമ്പതികളുടെ സ്വതന്ത്രമായ പരസ്പര സമ്മതം ഇല്ലാതെ നടത്തപ്പെടുന്നതുമായ വിവാഹങ്ങൾ നിലനില്ക്കുന്നില്ല അഥവാ അസാധവായി തീരുന്നു എന്ന് സഭ പഠിപ്പിക്കുന്നു. (CCC 1625-1628)
ഇക്കാരണത്താൽ സഭാകോടതിക്ക് സാഹചര്യങ്ങൾ വിലയിരുത്തിയതിനുശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത്, ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട വ്ക്തികൾ വിവാഹം കഴിക്കാൻ സ്വതന്ത്രരായിരിക്കും. (CCC1629)
സെപ്തംബർ 8 - ന് വത്തിക്കാൻ പുറത്തിറക്കിയ നിയമ ഭേദഗതികൾ:-
മുകളിൽ പ്രസ്താവിച്ച പ്രകാരം സഭാകോടതിക്ക് ഒരു വിവാഹം അസാധുവാണെന്ന്, അല്ലങ്കിൽ ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പ വിജ്ഞാപനമിറക്കിയിരിക്കുന്നത്. അല്ലാതെ സാധുവായ ഒരു വിവാഹ ബന്ധം വേർപെടുത്തുന്നതിനല്ല.
വിവാഹം അസാധുവാണെന്നുള്ള വിധിക്കു മേൽ രണ്ടാമതൊരു റിവ്യൂ വേണമെന്ന ഇപ്പോഴത്തെ നിയമം ഭേദഗതി ചെയ്യുന്നതോടെ, അനാവശ്യമായ പണച്ചെലവുകളും, അതിലുപരി ബന്ധപ്പെട്ട കക്ഷികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഒരളവുവരെ ഒഴിവാക്കാനാവുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. വിവാഹ മോചനത്തിനുള്ള തെളിവുകൾ സുതാര്യമാണെങ്കിൽ, നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് ഈ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഡിസംബർ 8-ന് കരുണയുടെ വർഷം തുടങ്ങുന്ന ദിനം മുതൽ നിയമം പ്രാബല്യത്തിൽ വരും. Code of Canon Law- യും Code of Canon Law for Oriental Law - യുമാണ് ' യേശു ദയാലുവായ നീതി പാലകൻ'', ദയാലുവായ യേശു ' (Lord Jesus, Clement Judge", "Clement and Merciful Judge") .എന്നീ രണ്ടു സഭാ രേഖകളിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്.
ശാരീരികമായോ ധാർമ്മീകമായോ തിരുസഭയിൽ നിന്നും അകന്നു കഴിയുന്ന ക്രൈസ്തവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് തനിക്കുള്ളതെന്ന് പിതാവ് വ്യക്തമാക്കി. 2014 ഒക്ടോബറിൽ നടന്ന ബിഷപ്പുമാരുടെ സിനഡിൽ തന്നെ ഈ നിയമ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ചകൾ നടന്നിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവാഹത്തിന്റെ പരിശുദ്ധിയേയും അഭേദ്യതയെയും പറ്റിയുള്ള തിരുസഭയുടെ കാഴ്ചപ്പാടുകളെ ഈ നിയമ ഭേദഗതികൾ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിയമ ഭേദഗതികൾ നടപടി ക്രമങ്ങൾക്ക് വേഗം കൂട്ടാൻ വേണ്ടി മാത്രമുള്ളതാണ്. പ്രശ്നങ്ങൾ നീട്ടി വലിച്ചുകൊണ്ടു പോയി വിശ്വാസികളുടെ മനസ്സിന് അനാവശ്യമായ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിൽ നിന്നും ചെറിയൊരു മാറ്റം കൊണ്ട് അതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു കക്ഷികൾക്കും അല്പം ആശ്വാസമേകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
പേപ്പൽ നിയമ ഭേദഗതിയുടെ പ്രധാന ഭാഗങ്ങൾ:
1. ഒരിക്കൽ വിധി പറഞ്ഞ കേസിൽ രണ്ടാമതൊരു റിവ്യു അനാവശ്യമാണ്. ആദ്യവിധി പ്രസ്താവിക്കുന്ന ജഡ്ജി ധാർമ്മികതയും നീതിയും കാത്തു പാലിക്കുമെന്ന ഉറപ്പ് നമുക്കുണ്ട്.
2. മൂന്നു പുരോഹിത ജഡ്ജിമാർക്കു പകരം ബിഷപ്പ് നിയോഗിക്കുന്ന ഒരു പുരോഹിത ജഡ്ജി മതിയാകും. ആവശ്യം വരുകയാണെങ്കിൽ ഓരോ രൂപതയിലും ആ രൂപതയിലെ ബിഷപ്പ് തന്നെയായിരിക്കും അന്തിമ വിധികർത്താവ്.
3. തിരുസഭയ്ക്കനുസൃതമായ വിവാഹം നടന്നിട്ടില്ലെന്ന് വ്യക്തമായ തെളിവുണ്ടെങ്കിൽ രൂപതയിലെ ബിഷപ്പിന് ഉടനടി വിധി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കും'
4. വിവാഹ മോചനത്തിന്റെ അപ്പീൽ കേസുകളിൽ അതിരൂപതാ ട്രൈബ്യൂണലുകൾക്ക് തീരുമാനമെടുക്കാം. അതിനു മുകളിൽ വത്തിക്കാന്റെ 'റോമൻ റോട്ട' അപ്പീല്യകൾ പരിഗണിക്കും.
കഴിഞ്ഞ സെപ്തംബറിൽ മാർപാപ്പ നിയോഗിച്ച കമ്മീഷന്റെ പഠനങ്ങളുടെയും ചർച്ചകളുടെയും പരിണിതഫലമാണ് ഇപ്പോൾ നിലവിൽ വരാൻ പോകുന്ന നിയമ ഭേദഗതികൾ. വത്തിക്കാനിലെ ഈ നിയമ ഭേദഗതികൾ US -ലും ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നിയമ ഭേദഗതികൾ മറ്റൊരു വലിയ പ്രശ്നത്തിൽ പ്രതിഫലിക്കും എന്നു കരുതപ്പെടുന്നു. വിവാഹമോചനത്തിനുശേഷം പുനർവിവാഹിതരായ ക്രൈസ്തവർക്ക് ദിവ്യകാരുണ്യ സ്വീകരണം നിഷേധിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ നിലപാടിൽ മാറ്റം വരുത്താൻ തിരുസഭ തയ്യാറാകുമോ എന്നത് ഇനി വരുന്ന നാളുകളിൽ ഒരു പ്രസക്തമായ ചർച്ചാ വിഷയമായി മാറും. ഒക്ടോബറിൽ നടക്കാൻ പോകുന്ന സിനഡിൽ ഇത് ഒരു ചർച്ചാവിഷയമായിരിക്കും.
താഴെ പറയുന്ന സന്ദർഭങ്ങളിൽ അതിവേഗ തീരുമാനമെടുക്കാനുള്ള പുതിയ നിയമഭേദഗതികൾ ബാധകമാക്കാമെന്ന് മാർപാപ്പ രേഖപ്പെടുത്തുന്നു.
- വലിയ അളവിൽ പരസ്പര വിശ്വാസമില്ലായ്മ
- വളരെ ചുരുങ്ങിയ കാലത്തെ വിവാഹബന്ധം
- വിവാഹ കാലഘട്ടത്തിൽ വിവാഹേതര ബന്ധം ഉണ്ടായിരിക്കുക
- വളരെ പ്രധാനപ്പെട്ട വസ്തുതകൾ മറച്ചുവെച്ചു കൊണ്ടുള്ള വിവാഹം
- ശക്തമായ പരപ്രേരണയോടെയുള്ള വിവാഹം
അതിവേഗ തീരുമാനത്തിന് അനുമതി നൽകുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പിതാവ് സൂചിപ്പിച്ചു . പക്ഷേ, രൂപതാ ബിഷപ്പിന്റെ ശക്തമായ ധാർമ്മീക ബോധം സ്വന്തം രൂപതയിൽ ഈ നിയമത്തിന്റെ ദുരുപയോഗം തടയാൻ പര്യാപ്തമായിരിക്കുമെന്ന് അദ്ദേഹം ദൃഢവിശ്വാസം പ്രകടിപ്പിച്ചു.
"പത്രോസിന്റെ സ്ഥാനത്തിരിക്കുന്നവരാണ് ബിഷപ്പുമാർ. ക്രൈസ്തവ മൂല്യങ്ങളുടെ ശക്തരായ കാവൽക്കാരാണവർ." ബിഷപ്പുമാരായിരിക്കണം മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ വിധികർത്താവായിരിക്കേണ്ടത് എന്ന് പിതാവ് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
