News - 2024
മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: ചടങ്ങുകളുടെ രൂപരേഖ വത്തിക്കാന്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 10-08-2016 - Wednesday
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളുടെ രൂപരേഖ വത്തിക്കാനും, മിഷ്‌നറീസ് ഓഫ് ചാരിറ്റിയും പരസ്യപ്പെടുത്തി. സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എന്നും തന്നോടു ചേര്‍ത്തു നിര്‍ത്തിയ മദര്‍തെരേസയുടെ കാരുണ്യത്തെ മുന്‍നിര്‍ത്തിയുള്ള ആഘോഷപരിപാടികളാണ് സഭ സംഘടിപ്പിക്കുന്നത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുമ്പ് പട്ടിണിയും ദുരിതവും അനുഭവിക്കുന്നവര്‍ക്കായി പ്രത്യേക വിരുന്ന് മിഷ്‌ണറീസ് ഓഫ് ചാരിറ്റി ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്നാം തീയതി തുടങ്ങുന്ന വിവിധ പരിപാടികള്‍ എട്ടാം തീയതി വരെ നീണ്ടു നില്‍ക്കും. ഒന്നാം തീയതി സാധുജനങ്ങള്‍ക്കായി മിഷ്‌ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം വിരുന്ന് ഒരുക്കിയിട്ടുണ്ട്. ആലംബഹീനരോടൊപ്പമുള്ള വിരുന്നില്‍ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാവരും പങ്കെടുക്കും. രണ്ടാം തീയതി സെന്റ് അനസ്റ്റാസീയ ബസലിക്കയില്‍ വിവിധ ഭാഷകളില്‍ വിശുദ്ധ ബലി അര്‍പ്പിക്കപ്പെടും. കര്‍ദിനാള്‍ അഗസ്റ്റിനോ വാലിനി സെന്റ് ജോണ്‍ ലാറ്ററന്‍ ബസലിക്കയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. ദിവ്യകാരുണ്യ പ്രദിക്ഷണവും ഇതേ തുടര്‍ന്ന് നടത്തപ്പെടും.
സെപ്റ്റംബര്‍ മൂന്നാം തീയതി കരുണയുടെ വര്‍ഷത്തിലെ തീര്‍ത്ഥാടനത്തിന്റെ സമാപനം കുറിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സെന്റ് ആന്‍ഡ്രിയ ഡെല്ലാ വാലി കത്തീഡ്രലില്‍ നടക്കുന്ന ഈ ചടങ്ങിനു ശേഷം വിശുദ്ധ കുര്‍ബാനയും മദര്‍തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കവും നടക്കും. ഫ്രാന്‍സിസ് പാപ്പ തന്നെയായിരിക്കും ഈ ചടങ്ങുകളുടെ മുഖ്യ കാര്‍മ്മികന്‍.
സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. അന്ന്‍ വിശുദ്ധ പ്രഖ്യാപന ചടങ്ങിന്റെ മുന്നോടിയായി രാവിലെ 10.30-ന് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. തുടര്‍ന്നു മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍തെരേസയുടെ ആദ്യത്തെ തിരുനാള്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നന്ദി സൂചകമായി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് കര്‍ദിനാള്‍ പെട്രോ പരോളിനിയാണ് നേതൃത്വം നല്‍കുക.
അന്നേ ദിവസം മദര്‍തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോണ്‍ ലാറ്ററിന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും. ആറാം തീയതിയും ഇതേ ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് മദറിന്റെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ലഭിക്കും.
ഏഴാം തീയതിയും എട്ടാം തീയതിയും സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ദേവാലയത്തില്‍ മദര്‍തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിന് വയ്ക്കും. ആഘോഷങ്ങളുടെ സമാപനം നടക്കുന്ന ഈ ദിനങ്ങളില്‍ സെന്റ് ഗ്രിഗറി കോണ്‍വെന്റില്‍ മദര്‍തെരേസ ഉപയോഗിച്ചിരുന്ന മുറി സന്ദര്‍ശിക്കുവാനുള്ള അവസരവും വിശ്വാസികള്‍ക്ക് ലഭിക്കും.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക