News - 2024

മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം: ഫ്രാൻസിസ് പാപ്പ പ്രമേയം പുറത്തിറക്കി

പ്രവാചകശബ്ദം 27-09-2023 - Wednesday

വത്തിക്കാന്‍ സിറ്റി: 2025-ല്‍ നടക്കാനിരിക്കുന്ന മഹാജൂബിലി സമ്മേളനത്തിനു ഒരുക്കമായി വ്യക്തിഗത സഭകളില്‍ യുവജന സമ്മേളനം. 2023- 2024 വർഷങ്ങളിലെ വ്യക്തിഗത സഭകളിൽ ആഘോഷിക്കുന്ന യുവജന സമ്മേളനത്തിന്റെ വിഷയങ്ങൾ ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുത്തു. മുപ്പത്തിയെട്ടാമത്‌ വ്യക്തിഗത സഭ യുവജനസംഗമം നടക്കുന്ന ഈ വര്‍ഷത്തെ പ്രമേയം റോമക്കാർക്ക് എഴുതപെട്ട ലേഖനം പന്ത്രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം തിരുവചനത്തെ കേന്ദ്രമാക്കി "പ്രത്യാശയിലുള്ള സന്തോഷം" എന്നതും, 2024 ലേത് "കർത്താവിൽ പ്രത്യാശിക്കുന്നവർ ക്ഷീണിക്കാതെ നടക്കുന്നു" എന്ന റോമക്കാർക്ക് എഴുതപെട്ട ലേഖനം നാൽപ്പതാം അധ്യായം മുപ്പത്തിയൊന്നാം തിരുവചനവുമാണ്.

2021-ൽ ഫ്രാൻസിസ് പാപ്പ ക്രിസ്തു രാജന്റെ തിരുനാൾ ദിനം, ആഗോള യുവജനദിനമായി പ്രഖ്യാപിച്ചിരുന്നു. ഈ തിരുനാൾ ദിനത്തിലാണ് വ്യക്തിഗത സഭകളിൽ യുവജനസംഗമം സംഘടിപ്പിക്കുന്നത്. പരിശുദ്ധ സഭയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ പ്രയാസകരമായ സമയങ്ങളിൽ ലോകം മുഴുവനിലും പ്രത്യാശ പുനരുജ്ജീവിപ്പിക്കുവാൻ സന്തോഷത്തിന്റെ മിഷ്ണറിമാരായ യുവജനങ്ങൾക്ക് സാധിക്കുമെന്ന് അത്മായർക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രസ്താവിച്ചു.

'ക്രിസ്തുസ് വിവിത്ത്' എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനത്തിൽ ലോകത്തിന്റെ യുവത്വവും നമ്മുടെ പ്രത്യാശയുമെന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ച ഫ്രാന്‍സിസ് പാപ്പ, വരാനിരിക്കുന്ന രണ്ട് യുവജന വിഷയങ്ങൾ മുൻനിർത്തി ക്രിസ്തീയ പ്രത്യാശയുടെ അർത്ഥത്തിലേക്ക് ആഴ്ന്നിറങ്ങാനും ക്രിസ്തു ജീവിച്ചിരിക്കുന്നുവെന്നതിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്തിരിന്നു.


Related Articles »