News

ജെറിന്റെ മൃതശരീരത്തിലും 'जाgo'; ജീസസ് യൂത്തിന്റെ ധീരപോരാളി ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍

പ്രവാചകശബ്ദം 28-09-2023 - Thursday

തൃശൂര്‍: സൈബറിടങ്ങളില്‍ ക്രിസ്തു സാക്ഷ്യവുമായി നിലക്കൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി ജെറിൻ വാകയിൽ ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍. ഇക്കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 23 വയസ്സുള്ള ഈ യുവാവ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് പാലയൂർ സെന്റ്‌ തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽവെച്ച് നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്യസ്തരും യുവജനങ്ങളും ഉള്‍പ്പെടെ അനേകം പേര്‍ മൃതസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു.

ബാല്യകാലത്ത് അൾത്താര ബാലൻ എന്ന നിലയിൽ ക്രിസ്തുവിനോട് ചേര്‍ന്ന് ആത്മീയ ജീവിതത്തെ പടുത്തുയര്‍ത്തിയിരിന്ന ജെറിൻ, അനേകം ശുശ്രൂഷകളിലൂടെ ജീസസ് യൂത്തിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു. കോവിഡ് -19 മഹാമാരി സമയത്ത് ഓൺലൈൻ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ പ്രക്ഷേപണങ്ങളിൽ വൈദികരെ ജെറിൻ ഏറെ സഹായിച്ചിരിന്നു. കെയ്‌റോസ് മീഡിയ & മാഗസിനായുള്ള "കാത്തലിക് ക്ലൗഡ്" മൊബൈൽ ആപ്ലിക്കേഷനു വേണ്ടി പ്രോഗ്രാം തയാറാക്കിയതും ദേശീയ ജീസസ് യൂത്ത് കോണ്‍ഫറന്‍സായ 'ജാഗോ'യുടെ രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന ആപ്പ് ടീമില്‍ പ്രവര്‍ത്തിച്ചതും ഈ യുവാവിന്റെ വിശ്വാസതീക്ഷ്ണതയുടെ വലിയ സാക്ഷ്യമായിരിന്നു.

https://www.jykairosmedia.org/ വെബ്സൈറ്റിന്റെ പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകനെന്ന നിലയിലും ജീസസ് യൂത്ത് നേതൃനിരയ്ക്ക് ഉള്‍പ്പെടെ ഏറെ സുപരിചിതനായിരിന്നു ജെറിന്‍. വളരെ അവിചാരിതമായാണ് എഞ്ചിനിയറിംഗ് പഠന കാലത്ത് ജെറിൻ കെയ്റോസിലെത്തുന്നതെന്ന് കെയ്റോസ് മീഡിയയിലെ ജോഷി ഫേസ്ബുക്കില്‍ കുറിച്ചു. ''എനിക്ക് താല്പര്യമുണ്ട്, ഈ ശുശ്രൂഷയിൽ പങ്ക്‌ ചേരാൻ എന്നാണ് പറഞ്ഞത്. പിന്നീടങ്ങോട്ട് കെയ്റോസിന്റെ സാങ്കേതിക വിദ്യ ആവശ്യമുള്ള എല്ലാത്തിന്റെയും മുൻനിരക്കാരനായി. പഠിച്ചതിനൊക്കെയപ്പുറത്ത് അവയെല്ലാം പ്രാവർത്തികമാക്കി. നിഷ്കളങ്കതയും, മടുപ്പില്ലാതെ ജോലി ചെയ്യാനുള്ള മനസ്സും ജെറിനെ വ്യത്യസ്തനാക്കി''. എല്ലാം ചെയ്തു തീർത്തിട്ട് ജെറിന്‍ പിന്നിലേയ്ക്ക് മാറി നില്‍ക്കുമായിരിന്നുവെന്നും ജോഷി അനുസ്മരിച്ചു.

ഒക്‌ടോബർ 21 മുതൽ 24 വരെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ജീസസ് യൂത്ത് കോൺഫറൻസിന്റെ ജാഗോ ആപ്പ് മീഡിയ ടീമില്‍ സജീവമായി രംഗത്തുണ്ടായിരിന്ന ഈ യുവാവ് ഇന്നലെ ബുധനാഴ്ച രാത്രിയിലും ജീസസ് യൂത്തിന്റെ അടുത്ത ഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരിന്നു. ഇതിനിടെയാണ് വിയോഗം. ജെറിന്‍ ഏറെ ആഗ്രഹത്തോടെ കാത്തിരിന്ന കോണ്‍ഫറന്‍സ് ആയിരിന്നു 'ജാഗോ'. പൊതുദര്‍ശനവേളയില്‍ പിതാവിന്റെ ആഗ്രഹപ്രകാരം ജെറിന്റെ മൃതശീരത്തില്‍ 'जाgo' ടി ഷർട്ടുംവെച്ചിരിന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധിപേരാണ് പങ്കുവെയ്ക്കുന്നത്.

ജെറിന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍

പിതാവ്: വാകയിൽ ചാക്കുണ്ണി തോബിയാസ്; അമ്മ: ബ്ലെസ്സി (പാലാരിവട്ടം പാനിയംകുളം കുടുംബാംഗം), സഹോദരൻ: ജോയേൽ തോബിയാസ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »