News - 2024

ഫാദര്‍ ജാക്വസിന്റെ സ്മരണാര്‍ത്ഥം ആയിരം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ ഇറ്റലിയിലെ പൊന്തിഫിക്കന്‍ ഫൗണ്ടേഷന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ 11-08-2016 - Thursday

റോം: വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി, ലോകമെമ്പാടുമുള്ള 1000 വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന പുതിയ പദ്ധതിക്ക് ഇറ്റലിയില്‍ രൂപം നല്‍കി. സാമ്പത്തികമായി ഞെരുക്കങ്ങള്‍ നേരിടുന്ന ആയിരം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യുക എന്നതാണ് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്റെ ഇറ്റാലിയന്‍ ശാഖ തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സാമ്പത്തികമായി ഏറെ ക്ലേശങ്ങളുമായി മുന്നോട്ട് പോകുന്ന നിരവധി സെമിനാരികള്‍ ലോകത്തിന്റെ പലകോണുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് വിവിധ തരം സഹായങ്ങള്‍ എത്തിക്കുന്നതിലൂടെ രക്തസാക്ഷിയായ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ ദീപ്ത സ്മരണ നിലനിര്‍ത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകനായ അലസാട്രോ മോന്റിഡ്രൂറോ പറഞ്ഞു.

"തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ദുരിതം നേരിടുന്ന പല രാജ്യങ്ങളിലും, വൈദിക വിദ്യാര്‍ത്ഥികളുടെ പഠനവും അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ചെയ്തു നല്‍കുക എന്നത് ശ്രമകരമായ ദൗത്യമാണ്. വിവിധ മതങ്ങളില്‍ ഉള്‍പ്പെടുന്നവരുമായും, വിവിധ സാമൂഹിക സാംസ്‌കാരിക സാഹചര്യമുള്ളവരുമായി സംഭാഷണങ്ങള്‍ നടത്തുന്നതിനും സ്‌നേഹപൂര്‍വ്വം അവരോടൊത്ത് സഹവസിക്കുന്നതിനും ദൈവത്താല്‍ നിയോഗിതരായ വൈദികര്‍ അതീവ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ പടയാളികളെ ആണ് സെമിനാരികളില്‍ പരിശീലിപ്പിക്കുന്നത്. ഇവരുടെ പരിശീലനവും പഠനവുമെല്ലാം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിനാല്‍ ഇവര്‍ക്കായി സഹായം ചെയ്തു നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". അലസാട്രോ മോന്റിഡ്രൂറോ പദ്ധതിയുടെ ആശയം വിശദീകരിച്ചു.

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ, 21 രൂപതകളുടെ കീഴിലുള്ള ആയിരം സെമിനാരി വിദ്യാര്‍ത്ഥികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുവാന്‍ ഈ മേഖലകളിലെ സെമിനാരികള്‍ക്ക് സാധിക്കുന്നില്ല. പുതിയ പദ്ധതിയിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ പ്രവേശിപ്പിക്കുവാനും പരിശീലിപ്പിക്കുവാനാകുമെന്ന് കരുതുന്നതായി സംഘാടകര്‍ പറഞ്ഞു.

പൊന്തിഫിക്കന്‍ കൗണ്‍സില്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും വിവിധ മേഖലകളില്‍ വൈദികരാകുവാന്‍ താല്‍പര്യമുള്ള നിരവധി യുവാക്കളുണ്ടെന്നും എന്നാല്‍, പട്ടിണിയും മറ്റ് ക്ലേശങ്ങള്‍ മൂലവും തങ്ങളുടെ തീവ്രമായ ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു പോകേണ്ട അസ്ഥയാണ് പലര്‍ക്കും ഉണ്ടാകുന്നതെന്നു കണ്ടെത്തിയിരുന്നു. ജൂലൈ 26ാം തീയതിയാണ് 84 വയസുള്ള വൃദ്ധ വൈദികനെ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടയില്‍ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പുതിയ പദ്ധതി, കൊല്ലപ്പെട്ട ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ ഓര്‍മ്മയെ ധന്യമാക്കുന്ന ഒന്നായി മാറും.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക