News - 2024
കാറ്റിക്ക് പിന്നാലെ മരിയഭക്തിയുടെ സാക്ഷ്യവുമായി സിമോണും; ജപമാലയെ കൂടെ കൂട്ടി സിമോണ്‍ ബൈല്‍സിന് റിയോയില്‍ ആദ്യ സ്വര്‍ണ നേട്ടം
സ്വന്തം ലേഖകന്‍ 11-08-2016 - Thursday
റിയോ: പല രാജ്യങ്ങളില്‍ നിന്നും പല സംസ്കാരങ്ങളില്‍ നിന്നും എത്തിയ ആയിരകണക്കിന് അത് ലറ്റുകള്‍ക്കിടയില്‍ തങ്ങളുടെ ആഴമായ കത്തോലിക്ക വിശ്വാസം തുറന്ന്‍ പറഞ്ഞവരാണ് നീന്തൽ താരമായ കാറ്റിയും ജിംനാസ്റ്റിക് താരമായ സിമോണ്‍ ബൈല്‍സും. നേരത്തെ 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി...' എന്ന പ്രാര്‍ത്ഥന ചൊല്ലിയ ശേഷമാണ് താന്‍ നീന്തല്‍ കുളത്തില്‍ മത്സരത്തിനായി ഇറങ്ങുന്നതെന്ന് പറഞ്ഞ കാറ്റി ലെഡക്കി ഇതിനോടകം തന്നെ റിയോയില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ നേടി.
ഇന്നലെ റിയോയില്‍ ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ തന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയ സിമോണി ബൈല്‍സ്, ഒരു വെളുത്ത കൊന്ത എപ്പോഴും തന്റെ ജിം കിറ്റില്‍ കൊണ്ടു നടക്കുന്നുണ്ടെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. 19-കാരിയായ ബൈല്‍സ് ഇനിയും നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുവാനിരിക്കുന്നതെയുള്ളു.
ഒളിംമ്പിക്‌സ് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് യുഎസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മരിയ ഭക്തിയേ കുറിച്ചും അമ്മ സമ്മാനിച്ച കൊന്തയെ കുറിച്ചും സിമോണ്‍ ബൈല്‍സ് വെളിപ്പെടുത്തല്‍ നടത്തിയത്. "എന്റെ അമ്മയാണ് ദേവാലയത്തില്‍ നിന്നും എനിക്ക് ഒരു വെളുത്ത കൊന്ത കൊണ്ടുവന്നു തന്നത്. മത്സരിക്കുന്നതിനു മുമ്പ് വ്യക്തിപരമായി പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്യുക. ഈ കൊന്ത എല്ലായ്‌പ്പോഴും എന്റെ ജിം ബാഗില്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്". സിമോണ്‍ ബൈല്‍സ് അന്ന്‍ അഭിമുഖത്തില്‍ പറഞ്ഞിരിന്നു.
ഞായറാഴ്ചകളില്‍ സ്ഥിരമായി ദേവാലയത്തില്‍ പോകുകയും വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും ചെയ്യുന്ന സിമോണ്‍ ബൈല്‍സ്, അത്‌ലറ്റുകളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ താന്‍ എന്നും മെഴുകുതിരികള്‍ കത്തിച്ച് വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കാറുണ്ടെന്നും പറയുന്നു. വിജയവഴിയിലും തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസം തുറന്നു പറയുവാന്‍ ഒളിമ്പ്ക്സിന് എത്തുന്ന താരങ്ങളൊന്നും മടികാണിക്കുന്നില്ലെന്നതാണ് റിയോയിലെ ശ്രദ്ധേയമായ ഒരു കാഴ്ച.