India - 2024
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
പ്രവാചകശബ്ദം 18-10-2023 - Wednesday
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി.കത്തോലിക്കാ സഭയും മറ്റു മതങ്ങളും പഠിപ്പിക്കുന്ന പരമ്പരാഗത വിവാഹ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് തീരുമാനം. കത്തോലിക്കാ വിശ്വാസമനുസരിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള കൂടിച്ചേരലാണു വിവാഹം. സ്വവർഗാനുരാഗ പ്രവൃത്തികൾ സ്വാഭാവിക ധാർമ്മിക നിയമത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നു, വിശുദ്ധ ഗ്രന്ഥം അവയെ അപലപിക്കുന്നുവെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈംഗീക ആഭിമുഖ്യമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാ ആളുകളിലും ബഹുമാനവും അനുകമ്പയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പവിത്രതയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ പ്രബോധനങ്ങളില്‍ ശക്തമായി നിലകൊള്ളുന്നു. ക്രൈസ്തവ വിവാഹത്തെ ഒരു കൂദാശയായും ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ പ്രതീകമായുമാണ് കാണുന്നത്. സ്വവർഗാനുരാഗം വിവാഹമെന്ന ദൈവികപദ്ധതിക്കും ധാർമിക നിയമത്തിനും വിരുദ്ധമാണെന്നും സിബിസിഐ പ്രസ്താവനയിൽ അറിയിച്ചു.