India - 2024
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചതിന് ശേഷമുള്ള നിഷ്ക്രിയത്വം ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണന: മാനന്തവാടി രൂപത
പ്രവാചകശബ്ദം 19-10-2023 - Thursday
മാനന്തവാടി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പഠിച്ച് കേരളസര്‍ക്കാരിന് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും അറിവിലേക്കായി പ്രസിദ്ധപ്പെടുത്തണമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സ്വീകരിച്ചതിന് ശേഷമുള്ള നിഷ്ക്രിയത്വം ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള അവഗണനയായി പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവപിന്നാക്കാവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണെന്ന് സമുദായത്തിന് ബോദ്ധ്യമുണ്ടെന്നും അനിവാര്യമായ സര്‍ക്കാര്‍ ഇടപെടലുകളും ക്ഷേമപദ്ധതികളും സമുദായത്തിന്റെ നിലനില്പിന് ആവശ്യമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായ ശ്രീ ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ അവതരിപ്പിച്ച പ്രമേയം നിരീക്ഷിച്ചു.
വയനാടന്‍ ജനതയുടെ ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ യാത്രാപ്രതിസന്ധിയും പ്രമേയമായി പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ചു. ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമായി ജില്ലക്ക് പുറത്തേക്ക് പോകാനും ടൂറിസത്തിനും മറ്റുമായി ജില്ലയിലേക്ക് വരാനും ഏറ്റവും വലിയ പ്രതിസന്ധി വയനാട് ചുരത്തിലെ വാഹനത്തിരക്കും പലപ്പോഴുമുണ്ടാകുന്ന വലിയ ബ്ലോക്കുകളുമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി പല പദ്ധതികളും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ 1994-ൽ പ്രവ്യത്തി ആരംഭിച്ച് 70% ലധികം നിർമ്മാണം പൂർത്തികരിച്ച പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ സാധ്യതകളെ പരിഗണിക്കണം എന്നാണ് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം ആവശ്യപ്പെടുന്നത്.
പാത കടന്നുപോവുന്ന 8 കി.മീ. ദൂരം റിസർവ്വ് വനമാണെന്ന തെറ്റായ റിപ്പോർട്ടാണ് ഈ പാത യാഥാർത്യമാകുന്നതിനുള്ള തടസ്സം. എന്നാൽ അത് തെറ്റാണെന്നും ഇത് വെസ്റ്റെഡ് ഫോറസ്റ്റാണെന്നും വിവരാവകാശ രേഖകളുണ്ട്. പൂർത്തീകരിയ്ക്കപ്പെടാത്ത ഈ പാത 2005 ൽ SH 54 ആയി പ്രഖ്യാപിയ്ക്കുകയും ഇന്നും അറ്റക്കുറ്റ പണിക്കും നവീകരണത്തിനുമായി ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്യുന്നു സാഹചര്യത്തിൽ ദുരിതബാധിതരായ വയനാടന്‍ ജനതയ്ക്ക് ഏറെ സഹായകരമായേക്കാവുന്ന ഈ പാത യാഥാർഥ്യമാക്കണമെന്ന് പ്രമേയാവതരകനായ സെബാസ്റ്റ്യന്‍ പുരക്കല്‍ ആവശ്യപ്പെട്ടു.
ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, വികാരി ജനറാള്‍മാര്‍, വൈദികര്‍, വിവിധ ഫൊറോനകളില്‍ നിന്നുള്ള അത്മായ പ്രതിനിധികള്‍, സമര്‍പ്പിതര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് ഏകകണ്ഠേന ഈ പ്രമേയങ്ങള്‍ പാസാക്കിയത്. രൂപതയുടെ അജപാലനപരവും ആത്മീയവും സാമ്പത്തികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത അസംബ്ലിയ്ക്ക് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിക്കുകയും സഹായമെത്രാന്‍ ബിഷപ്പ് അലക്സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നല്കുകയും ചെയ്തു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.