News - 2025

ന്യൂമോണിയ ബാധിച്ച് മാനന്തവാടി രൂപതാംഗമായ യുവ വൈദികന്‍ അന്തരിച്ചു

പ്രവാചകശബ്ദം 21-05-2025 - Wednesday

മാനന്തവാടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിന്ന മാനന്തവാടി രൂപതാംഗമായ യുവവൈദികന്‍ അന്തരിച്ചു. ഫാ. വർഗീസ് (അനൂപ് വർഗീസ്), കൊല്ലംകുന്നേലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 37 വയസ്സായിരിന്നു പ്രായം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായിരിന്നതിനാല്‍ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരിന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായി അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയിരിന്നുവെന്നും പിന്നീട് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരിന്നുവെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു.

കുന്നലാടി ഫാത്തിമ മാതാ ഇടവകാംഗമായ ഫാ. അനൂപ് 1988 ജൂലൈ 9നാണ് ജനിച്ചത്. 2015 ഡിസംബര്‍ 29നു തിരുപ്പട്ടം സ്വീകരിച്ചു. പയ്യമ്പള്ളി, തരിയോട്, ബോയ്സ് ടൌണ്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും ബൊസ്പര, കല്ലുമുക്ക് എന്നീ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022-ല്‍ നീലഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ അസിസ്റ്റന്‍റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ആറാട്ടുപാറ ഇടവകയുടെ ഉത്തരവാദിത്വവും നീലഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ ഡയറക്ടര്‍ സ്ഥാനവും പുതുതായി ഭരമേല്‍പ്പിക്കപ്പെട്ടിരിക്കേയാണ് ആകസ്മിക വിയോഗം.

അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ ഇന്നു ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി അർപ്പിക്കുകയും തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മൃതശരീരം സീയോൻ ഹാളിലേക്ക് മാറ്റുകയും 2 മണിക്ക് വി. കുർബാനയോട് കൂടെ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഭാഗം ആരംഭിക്കുകയും ചെയ്യും.

വന്ദ്യ വൈദികന്റെ ആത്മശാന്തിക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍


Related Articles »