India - 2024
സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ചു
പ്രവാചകശബ്ദം 21-10-2023 - Saturday
ഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന ''ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയുടെ ഹിന്ദി പതിപ്പ് ഡൽഹിയിൽ പ്രത്യേക ക്ഷണിതാക്കൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. 1995 ഫെബ്രുവരി 25ന് ഇൻഡോറിലെ നേച്ചമ്പൂർ മലയിടുക്കിൽ കൊല ചെയ്യപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ ഷെയ്സൺ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റർ റാണി മരിയയായി ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.
സംവിധായകനും പ്രധാന നടിക്കും പുറമെ സിനിമയിൽ അഭിനയിച്ച ഫാ. സ്റ്റാൻലി കോഴിച്ചിറ, നിർമാതാവ് സാന്ദ്ര ഡിസൂസ റാണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജൻ ഏബ്രഹാം എന്നിവർ പ്രത്യേക ചിത്രപ്രദർശനത്തിന് എത്തിയിരുന്നു. അൽഫോൻസ് കണ്ണന്താനം, ജോർജ് കള്ളിവയലിൽ, എ.ജെ. ഫിലിപ്പ്, അന്ന വെട്ടിക്കൽ, ഫാ. റോബി കണ്ണചിറ തുടങ്ങിയവർ സിനിമയെ വിലയിരുത്തി സംസാരിച്ചു. 2017ൽ ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.