News - 2024

അഹങ്കാരം തിന്മകളിലെ മഹാറാണി, യഥാർത്ഥ മറുമരുന്ന് വിനയം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 06-03-2024 - Wednesday

വത്തിക്കാന്‍ സിറ്റി: താൻ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ വളരെ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരിയെന്നും അഹങ്കാരം തിന്മകളിലെ മഹാറാണിയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നു ബുധനാഴ്ച (06/03/24) പ്രതിവാര പൊതുദർശന പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അഹങ്കാരം എന്നത് സ്വയം ഉയർത്തൽ, ധിക്കാരം, പൊങ്ങച്ചം എന്നിവയാണ്. തിന്മ എല്ലായ്‌പ്പോഴും മനുഷ്യന്‍റെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിക്കാൻ യേശു നിരത്തുന്ന ദുശ്ശീലങ്ങളുടെ പട്ടികയിൽ ഈ പദം പ്രത്യക്ഷപ്പെടുന്നു. വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത് (മർക്കോസ് 7:22).

താൻ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ വളരെ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരി. മറ്റുള്ളവരെക്കാൾ വലിയവനായി അംഗീകരിക്കപ്പെടുന്നതിനായി വെമ്പൽകൊള്ളുന്നവനാണ് അവൻ. സ്വന്തം യോഗ്യതകൾ എപ്പോഴും അംഗീകരിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നവനാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

അഹങ്കാര രോഗിയായ ഒരു വ്യക്തിയുടെ കാര്യത്തിൽ അധികമൊന്നും ചെയ്യാനില്ല. ആ വ്യക്തിയോട് സംസാരിക്കുക അസാധ്യമാണ്, തിരുത്തുകയെന്നത് അതിലും ദുഷ്ക്കരം. കാരണം ആത്യന്തികമായി അയാൾ അയാളല്ല. അയാളുടെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കണം, കാരണം ഒരു ദിവസം അയാളുടെ സൗധം തകർന്നുവീഴും. ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് ഇങ്ങനെയാണ്: "അഹങ്കാരം കുതിരപ്പുറത്ത് പോകുന്നു, കാൽനടയായി തിരികെ വരുന്നു". അത്യാർത്തി പോലുള്ള ഏറ്റവും വലിയ പാപങ്ങളിൽ നിന്ന് അത് ആരംഭിക്കുകയും ഏറ്റവും അസ്വസ്ഥജനകങ്ങളായ ഭീകരങ്ങളായവയിൽ എത്തിച്ചേരുകയും ചെയ്യുന്നു. എല്ലാ തിന്മകളിലുംവച്ച്, അഹങ്കാരമാണ് മഹാറാണി.

എന്നാല്‍ അഹങ്കാരത്തിൻറെ എല്ലാ ചെയ്തികൾക്കും യാഥാർത്ഥ പ്രതിവിധി വിനയമാണ്. അതിലൂടെയാണ് രക്ഷ കടന്നുപോകുന്നത്. ഹൃദയത്തിൽ ദുഷ്ചിന്തകളുള്ള അഹങ്കാരികളെ ദൈവം അവിടത്തെ ശക്തിയാൽ ചിതറിക്കുന്നുവെന്ന് മറിയം തൻറെ സ്തോത്രഗീതത്തിൽ ദൈവത്തെക്കുറിച്ച് പാടുന്നു. അഹങ്കാരികൾ ആഗ്രഹിക്കുന്നതു പോലെ, ദൈവത്തിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കുന്നതിൽ അർത്ഥമില്ല, കാരണം ആത്യന്തികമായി അവിടന്ന് നമുക്ക് എല്ലാം നൽകാൻ ആഗ്രഹിക്കുന്നു.

ഇക്കാരണത്താൽ, അഹങ്കാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന ആന്തരിക പോരാട്ടങ്ങളാൽ മുറിവേറ്റ തൻറെ സമൂഹത്തിന് അപ്പോസ്തലനായ യാക്കോബ് ഇങ്ങനെ എഴുതി: "അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു." (യാക്കോബ് 4:6). ആകയാൽ നമ്മുടെ അഹങ്കാരത്തിനെതിരായി പോരാടാൻ ഈ നോമ്പുകാലം നമുക്ക് പ്രയോജനപ്പെടുത്താമെന്നും പാപ്പ പറഞ്ഞു. യുക്രൈനിലും വിശുദ്ധനാട്ടിലും ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും യുദ്ധത്തിൻറെ ഭീകരത അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ക്ഷണം പുതുക്കിക്കൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്.


Related Articles »