News

ഇന്ന് ലോക മിഷന്‍ ഞായര്‍: ഇക്കൊല്ലം വലിയ പ്രാധാന്യമുണ്ടെന്ന് അമേരിക്കന്‍ പൊന്തിഫിക്കല്‍ സൊസൈറ്റി

പ്രവാചകശബ്ദം 22-10-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌സി: മധ്യപൂര്‍വ്വേഷ്യയിലും, യുക്രൈനിലും സമാനതകളില്ലാത്ത പ്രതിസന്ധിയുമായി യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ലോക മിഷന്‍ ഞായറിന് എന്നത്തേക്കാളും വലിയ പ്രാധാന്യമുണ്ടെന്ന് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ അമേരിക്കന്‍ കാര്യാലയം. നിലവിലെ സാഹചര്യത്തില്‍ മിഷന്‍ ഞായര്‍ ദിനത്തില്‍ നമ്മള്‍ കൂടുതല്‍ ഉദാരമനസ്കരാകണമെന്ന ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നതെന്ന് സൊസൈറ്റികളുടെ അമേരിക്കന്‍ കാര്യാലയത്തിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ഇനെസ് സാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. വിശുദ്ധ നാട്ടിലെയും, യുക്രൈനിലെയും സഭകള്‍ക്ക് എപ്പോഴത്തേക്കാളും ഇപ്പോള്‍ നമ്മളെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാര്‍വത്രിക സഭ മിഷന്‍ ഞായറായി ആചരിക്കുന്ന ഇന്ന് അമേരിക്കന്‍ ദേവാലയങ്ങളില്‍ നിന്നു ലഭിക്കുന്ന തുക ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, പസഫിക് ദ്വീപുകള്‍, യൂറോപ്പ് ചിലഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ആയിരത്തിഒരുനൂറോളം രൂപതകളിലെ പൊന്തിഫിക്കല്‍ സൊസൈറ്റികള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുക. ഉത്ഥിതനായ ക്രിസ്തു ശിഷ്യന്‍മാര്‍ക്കൊപ്പം എമ്മാവൂസിലേക്ക് യാത്രചെയ്തതിനേ കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ (ലൂക്കാ 24:13-35) സുവിശേഷ ഭാഗത്തെ ഓര്‍മ്മപ്പെടുത്തുന്ന “ജ്വലിക്കുന്ന ഹൃദയങ്ങള്‍, വഴിയില്‍ പാദങ്ങള്‍” എന്നതാണ് ഇക്കൊല്ലത്തെ മിഷന്‍ ഞായറിന്റെ മുഖ്യ പ്രമേയമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പയുടെ ഇക്കൊല്ലത്തെ മിഷന്‍ ഞായര്‍ സന്ദേശം ഒക്ടോബര്‍ 18-ന് പൊന്തിഫിക്കല്‍ മിഷന്‍ ‘എക്സ്’ല്‍ (മുന്‍പ് ട്വിറ്റര്‍) പോസ്റ്റ്‌ ചെയ്തിരുന്നു. “ആരാധനയെയും, മിഷനെയും സംബന്ധിക്കുന്നതാണ് മിഷന്‍ ഞായര്‍. പിതാവിനെ അംഗീകരിക്കുക ആത്മാവിനാലും, സത്യത്താലും അവനെ ആരാധിക്കുക, അവന്റെ സന്ദേശം പ്രഘോഷിക്കുവാന്‍ പുറപ്പെടുക. മതപരിവര്‍ത്തനം ചെയ്യുന്നവനേപ്പോലെയല്ല, ഒരു മഹത്തായ കൃപ പങ്കുവെക്കുന്നവനേപ്പോലെ” പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.

1922-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ അംഗീകാരം നല്‍കി നിയമിച്ച നാല് സൊസൈറ്റികള്‍ വഴിയാണ് ലോകത്തെ പൊന്തിഫിക്കല്‍ സൊസൈറ്റികളുടെ ശ്രംഖല പ്രവര്‍ത്തിക്കുന്നത്. ലോക സുവിശേഷവത്കരണത്തിലും, ‘മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍’ കുട്ടികളുടെ വിദ്യാഭ്യാസത്തിലും, ‘സെന്റ്‌ പീറ്റര്‍ ദി അപ്പോസ്തല്‍’ മിഷ്ണറിമാരുടെയും, വൈദികരുടെയും, സന്യസ്തരുടെയും അടുത്ത തലമുറക്കുള്ള പരിശീലനത്തിലും, ‘മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ്’ വൈദികരെയും, സന്യസ്തരേയും, അജപാലക നേതാക്കളേയും കൂടുതല്‍ ആഴത്തില്‍ സുവിശേഷവത്കരണം നടത്തുവാന്‍ പ്രാപ്തരാക്കുന്നതിലുമാണ് സൊസൈറ്റി ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞ വര്‍ഷം 3 കോടി ഡോളറാണ് അമേരിക്കന്‍ കത്തോലിക്കര്‍ പൊന്തിഫിക്കല്‍ സൊസൈറ്റികള്‍ക്കായി സംഭാവന ചെയ്തത്.


Related Articles »