News - 2025
ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമ്മീഷൻ അംഗം
പ്രവാചകശബ്ദം 25-10-2023 - Wednesday
കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവർഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓർത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാർപാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്.
2001ൽ ജെസ്യൂട്ട് സമൂഹത്തില്‍ പ്രവേശിച്ച ഫാ. ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തിവരികയാണ്.
ഇറാഖിലുള്ള അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റുമായി കത്തോലിക്കാസഭ നടത്തിവരുന്ന ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ വത്തിക്കാൻ നിരീക്ഷകൻ, ഇംഗ്ലണ്ടിലെ സെന്റ് തെയോസേവിയ സെന്റർ ഫോർ ക്രിസ്ത്യൻ സ്പിരിച്വാലിറ്റി കൗൺസിൽ അംഗം, സീറോ മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. 2017 ഓഗസ്റ്റ് 19നു വൈദീകപട്ടം സ്വീകരിച്ച ഫാ. ജിജി കുട്ടനാട് പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി.ടി. ജോസഫ്-ത്രേസ്യാമ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദീകനായ ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിലിന്റെ സഹോദരനുമാണ്.