News
സീറോമലബാര്‍ സഭയും സെഹിയോൻ ശുശ്രൂഷകളും ബ്രിട്ടനിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ.
സ്വന്തം ലേഖകന്‍ 12-08-2016 - Friday
ലണ്ടന്‍: യൂകെയിലെ സീറോമലബാര്‍ സഭാ വിശ്വാസികൾക്ക് സ്വന്തമായി ഒരു രൂപത ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയായിരുന്നു. കേരളത്തില്‍ നിന്നും ജോലിക്കും പഠനത്തിനുമായി കുടിയേറിയ സിറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ യൂകെയിലെ പ്രബലമായ കത്തോലിക്ക വിശ്വാസ സമൂഹമായി മാറിയിരിക്കുകയാണ് എന്ന് ഇവിടുത്ത പല മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു.
ബ്രിട്ടനിലേക്ക് കുടിയേറിയതിനു ശേഷവും തങ്ങളുടെ വിശ്വാസം സംരക്ഷിച്ചു നിറുത്തുവാനും തങ്ങളുടെ മക്കളെ വിശ്വാസത്തിൽ വളർത്തുവാനും സിറോ മലബാര്‍ സഭാ വിശ്വാസികൾക്ക് എങ്ങനെ സാധിക്കുന്നു എന്ന് ചില മാധ്യമങ്ങൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നു. അതിനുള്ള ഒരു കാരണമായി പ്രമുഖ കത്തോലിക്കാ മാധ്യമമായ കാത്തോലിക് ഹെറാൾഡ് എടുത്തു പറയുന്നത് സെഹിയോൻ യുകെയുടെ ഭാഗമായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനാണ്.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബർമിംഹാമിലെ ബഥേൽ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂവായിരത്തോളം പേർ ഒത്തുചേരുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ യുകെയിലെ തന്നെ ഏറ്റവും വലിയ കത്തോലിക്ക കൂട്ടായ്മയാണ് എന്ന് ഈ പ്രമുഖ ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജപമാലയും, വിശുദ്ധ കുര്‍ബാനയും വിവിധ ഭാഷകളില്‍ ആരാധനയും, കുട്ടികള്‍ക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രത്യേകം ശുശ്രൂഷകൾ കൊണ്ടും സജീവമായ രണ്ടാം ശനിയാഴ്ച കൺവെൻഷനെ ബ്രിട്ടനിലെ കത്തോലിക്കാ സഭയും മാധ്യമങ്ങളും അത്ഭൂതത്തോടെയാണ് നോക്കികാണുന്നത്.
മണിക്കൂറുകളോളം യാത്ര ചെയ്ത് യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി കോച്ചുകളിലും കാറുകളിലുമായി ഒഴുകിയെത്തുന്ന വിശ്വാസി സമൂഹം ഒന്നുചേർന്ന് ദൈവത്തെ ആരാധിക്കുമ്പോൾ ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും ഈ കൺവെൻഷനിൽ സംഭവിക്കുന്നു എന്നത് പരിശുദ്ധാത്മാവാണ് ഈ ശുശ്രൂഷയെ നയിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മാതാപിതാക്കന്മാരിൽ നിന്നും അകന്നു പാപത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചിരുന്ന അനേകം യുവാക്കളാണ് സെഹിയോൻ യുകെയുടെ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടു നന്മയുടെ പാതയിലേക്കു തിരിച്ചു വരുന്നത്.
ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതിനെയും മാധ്യമങ്ങൾ പ്രത്യേകം എടുത്തു പറയുന്നു. ഇതര സമുദായങ്ങളിലെ വിശ്വാസികൾക്കു പുറമെ ബ്രിട്ടണിലുള്ള എട്ടു സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികളില്‍ ഒരാള്‍ എങ്കിലും അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കുന്നുവെന്ന് കാത്തോലിക് ഹെറാൾഡ് ചൂണ്ടികാണിക്കുന്നു.
യുവാക്കളുടെ ആത്മീയ കാര്യങ്ങളില്‍ ജീസസ് യൂത്ത് പോലുള്ള സംഘടനകളും ബ്രിട്ടനിൽ സജീവ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
തങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും ലഭിച്ച വിശ്വാസത്തിന്റെ സാക്ഷ്യങ്ങള്‍ സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ അവർ കുടിയേറി പാര്‍ക്കുന്ന സ്ഥലങ്ങളിലും മടികൂടാതെ പ്രഘോഷിക്കുന്നതുമൂലം ബ്രിട്ടനിലെ സാമൂഹ്യ വ്യവസ്ഥയിലും വിശ്വാസികൾക്കിടയിലും സ്വാധീനം ചെലുത്തുവാൻ സാധിക്കും. ഇവിടെ വിവാഹത്തേയും കുടുംബ ജീവിതത്തേയും സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളെ ശരിയായി മനസിലാക്കുന്ന കത്തോലിക്ക വിശ്വാസികളായ ദമ്പതിമാരുടെ രൂപീകരണത്തിനു സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ വഴി തെളിക്കുമെന്നു റിപ്പോർട്ട് പറയുന്നു.
കേരളത്തില്‍ നിന്നും വന്നിട്ടുള്ളവരേ പോലെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തി താമസമാക്കിയ ആത്മീയ തല്‍പരരായ വ്യക്തികള്‍ ഇനിയുള്ള യൂറോപ്യന്‍ ജനതയ്ക്ക് നേതൃത്വപരമായ പങ്കുവഹിക്കുകയും ഇപ്പോഴത്തെ ആത്മീയ അധപതനത്തില്‍ നിന്നും മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ബ്രിട്ടണെ വീണ്ടെടുക്കുകയും ചെയ്യുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ അത് ഓരോ സീറോ മലബാര്‍ സഭാ വിശ്വാസികൾക്കും അഭിമാനത്തിന്റ നിമിഷങ്ങളായി മാറുന്നു.