News - 2025

തിരുസഭ പ്രബോധനങ്ങളിൽ ആഴപ്പെടുന്ന യാഥാസ്ഥിതികരായ വൈദികരുടെ എണ്ണം വര്‍ദ്ധിക്കുന്നു

പ്രവാചകശബ്ദം 09-11-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: തിരുസഭ പ്രബോധനങ്ങളിൽ ആഴപ്പെട്ട് പിന്തുടരുന്ന യാഥാസ്ഥിതികരായ വൈദികരുടെ എണ്ണം വർദ്ധിക്കുന്നതായി വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്. 50 വർഷത്തിനിടയിൽ അമേരിക്കയിൽ നടത്തുന്ന ഏറ്റവും വലിയ ദേശീയ സർവ്വേ ആയി വിശേഷിപ്പിക്കപ്പെടുന്ന ഗവേഷണം നടത്തിയത് കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ ഗവേഷണ വിഭാഗമായ 'ദ കാത്തലിക്ക് പ്രോജക്ട്' ആണ്. റിപ്പോർട്ടിന്റെ ആദ്യഭാഗം കഴിഞ്ഞ ഒക്ടോബർ മാസമാണ് പുറത്തുവന്നത്. ഈ മാസം ആദ്യം റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും പുറത്തുവന്നു.

അമേരിക്കയിലെ 191 രൂപതകളിലും അംഗങ്ങളായുള്ള 3516 വൈദികരുടെ ഇടയിലാണ് സർവ്വേ നടന്നത്. 2020നു ശേഷം പൗരോഹിത്യം സ്വീകരിച്ചവരിൽ യാഥാസ്ഥിതികരായി തങ്ങളെ വിശേഷിപ്പിക്കുന്ന വൈദികരുടെ എണ്ണം 80 ശതമാനത്തിനു മുകളിലാണ്. 2010ന് ശേഷം പൗരോഹിത്യം സ്വീകരിച്ചവരിൽ 50 ശതമാനത്തിന് മുകളിൽ വൈദികരും യാഥാസ്ഥിതിക നിലപാട് ഉള്ളവരാണ്. 2020നു ശേഷം പൗരോഹിത്യം സ്വീകരിച്ച ഒരു വൈദികൻ പോലും ലിബറല്‍ ചിന്താഗതിയോ ലോകത്തിന്റെ ചിന്തകള്‍ക്ക് അനുസരിച്ചോ മുന്നോട്ടു പോകുന്നില്ലായെന്നാണ് കണക്ക്.

പുതിയതായി സെമിനാരിയിൽ ചേരാൻ എത്തുന്ന യുവാക്കൾ പ്രശ്നപരിഹാരത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും, സഭയുടെ ആവശ്യങ്ങൾക്ക് വേണ്ടി തങ്ങളെ തന്നെ ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വാഷിംഗ്ടൺ ഡിസിയിലെ സെന്റ് ജോൺ പോൾ ടു സെമിനാരിയുടെ റെക്ടർ ഫാ. കാർട്ടർ ഗ്രിഫിൻ കാത്തലിക്ക് ഏജൻസിയോട് പറഞ്ഞു. സെമിനാരിയിൽ പരിശീലനത്തിന് വേണ്ടിയെത്തുന്ന യുവാക്കൾ ക്രിസ്തുവിനെയും, സഭയെയയും ശരിക്കും സ്നേഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യ വിശ്വാസത്തില്‍ ആഴപ്പെട്ടു വൈദിക ജീവിതം നയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തയെ ശുഭസൂചനയായാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്.


Related Articles »