News - 2024

സമാധാനത്തിനായി മെക്സിക്കോയില്‍ ഇരുപത്തിരണ്ടായിരം പേര്‍ പങ്കെടുത്ത ജപമാല

പ്രവാചകശബ്ദം 10-11-2023 - Friday

മെക്സിക്കോ സിറ്റി: സമാധാനമെന്ന നിയോഗവുമായി മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്തിലെ ലിയോണില്‍ സംഘടിപ്പിച്ച ‘ലിവിംഗ് ജപമാല’യില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഇക്കഴിഞ്ഞ നവംബര്‍ 5ന് നടന്ന ജപമാലയജ്ഞത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. 1917-ല്‍ ജപമാലയുടെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവ് നല്‍കിയ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 69 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പരിപാടിക്ക് മെക്സിക്കോയില്‍ തുടക്കമായത്.

“കര്‍ത്താവ് അവിടുത്തെ ജനത്തെ സമാധാനത്തില്‍ അനുഗ്രഹിക്കട്ടെ” എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ജപമാലയില്‍ ഓരോ രഹസ്യത്തിലും പ്രത്യേക പ്രാര്‍ത്ഥന വിചിന്തനമുണ്ടായിരുന്നു. 31,297 പേരുടെ ഇരിപ്പിടമുള്ള ലിയോണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ലിവിംഗ് ജപമാലയില്‍ ലിയോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ മോണ്‍. അല്‍ഫോണ്‍സോ കോര്‍ട്ടെസും പങ്കെടുത്തു. അക്രമത്തിനെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, അക്രമത്തിന്റെ ചമ്മട്ടിക്ക് ഇരയായ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വ്യക്തിപരവും, കുടുംബപരവുമായ സമാധാനത്തില്‍ നിന്ന് തുടങ്ങി നമ്മെ ഒരുമിച്ച് പരിപാലിക്കാനും സമാധാനം ലഭിക്കത്തക്കവിധമുള്ള ഒരു സാമൂഹിക ഘടന കെട്ടിപ്പടുക്കുവാനുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുകയാണ് ഈ വർഷത്തെ ലിവിംഗ് ജപമാലയുടെ പ്രത്യേക നിയോഗമെന്ന് ലിവിംഗ് റോസറിയുടെ ജനറല്‍ ഡയറക്ടറായ ഫാ. റോബർട്ടോ ഗ്വെറേരോ വെലാസ്‌ക്വസ് ‘എസിഐ പ്രെൻസാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജപമാല നമ്മെ ഒന്നിപ്പിക്കുന്ന ഭക്തിയാണെന്നും നമുക്ക് പ്രിയപ്പെട്ടവളും, പരിശുദ്ധയുമായ കന്യകാമറിയത്തിന്റെ കണ്ണുകളോടും ഹൃദയത്തോടും കൂടി നോക്കാൻ ജപമാല നമ്മെ അനുവദിക്കുകയാണെന്നും ഫാ. വെലാസ്‌ക്വസ് പറഞ്ഞു.

“പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മിൽ ഒരു വിമോചക ശക്തിയോടെ പ്രവർത്തിക്കുന്നു. ഉത്തരവാദിത്തമുള്ളവരും, മെച്ചപ്പെട്ടവരുമായിരിക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതിനാൽ, ദൈവരാജ്യത്തിന്റെ വിത്തും വളവും ശക്തിയും, ആയിരിക്കുവാന്‍ കര്‍ത്താവ് നമ്മോടു ആവശ്യപ്പെടുകയാണെന്നും ഫാ. വെലാസ്‌ക്വസ് വിവരിച്ചു. മെക്സിക്കോയില്‍ ഏറ്റവും അധികം കൊലപാതകം നടന്നിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുവാനജുവാറ്റോ സംസ്ഥാനം. ‘നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ്‌ ജിയോഗ്രാഫി’യുടെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്‌ (4,329).


Related Articles »